തലശേരി: പാനൂർ എലാങ്കോട് – പാലത്തായി ജനവാസ മേഖലയിൽ മാസങ്ങളായി ഭീതി പരത്തിയ എട്ട് കാട്ടുപന്നികളെ ഫോറസ്റ്റ് പാനൽ ഷൂട്ടർ സംഘത്തിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. കഴിഞ്ഞ കുറെ നാളുകളായി പാലത്തായി, എലാങ്കോട് പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. രാത്രിയാകുമ്പോൾ കൂട്ടമായെത്തുന്ന പന്നികൾ വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും കയറി വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരുന്നു. നിരവധി പേർക്കാണ് ഭീതിയിൽ കഴിയേണ്ടി വന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം പാലത്തായിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിക്കുകയും ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം പ്രദേശവാസികളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും അടിയന്തര നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഇടപെടുകയും ചെയ്തു.
വാർഡ് കൗൺസിലർമാരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പാനൂർ നഗരസഭ വനംവകുപ്പിനോട് നടപടി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് പാനൽ ഷൂട്ടറായ സി. കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രദേശത്തെത്തി തിരച്ചിൽ നടത്തി കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്.
പുലർച്ചെയോടെ ആരംഭിച്ച ദൗത്യം മണിക്കൂറുകളോളം നീണ്ടുനിന്നു. ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിലായി ഒളിച്ചിരുന്ന പന്നികളെയാണ് സംഘം കണ്ടെത്തി വെടിവെച്ചത്. സുരക്ഷാ മുൻകരുതലുകളോടെ നടത്തിയ ഓപ്പറേഷനിൽ നാട്ടുകാരും ജനപ്രതിനിധികളും സഹകരിച്ചു.
സംഭവസ്ഥലത്തെത്തി ഷൂട്ടർ സംഘത്തെ നിയുക്ത എംഎൽഎ പി. കെ. പ്രവീൺ, മുൻ മന്ത്രി കെ.പി. മോഹനൻ, പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത്, വാർഡ് കൗൺസിലർമാരായ അൻസത്ത് മീത്തൽ, സജിത അനീവൻ, ബൈജു എം.പി എന്നിവർ അഭിനന്ദിച്ചു. ജനവാസ മേഖലകളിൽ വീണ്ടും കാട്ടുപന്നി ശല്യം ഉണ്ടാകാതിരിക്കാൻ സ്ഥിരം നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
