ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും വികസനവും ലക്ഷ്യമിട്ടുള്ള ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സുപ്രധാനയോഗത്തിന് ഡൽഹിയിൽ തുടക്കം. ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് വാഷിംഗ്ടണിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഉന്നതതല യോഗം.
സ്വതന്ത്രവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുക, സമുദ്ര സുരക്ഷ ശക്തമാക്കുക, വിതരണം ഉറപ്പാക്കുക, പുതിയ സാങ്കേതികവിദ്യകൾ പങ്കുവയ്ക്കുക തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. കൂടാതെ പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും നിലവിലെ സാഹചര്യങ്ങളും യോഗം വിലയിരുത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക സുരക്ഷയും സാങ്കേതിക പങ്കാളിത്തവും ശക്തമാക്കുന്നതിനുള്ള പുതിയ പ്രഖ്യാപനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ക്വാഡ് യോഗത്തിനു മുന്നോടിയായി വിദേശകാര്യമന്ത്രിമാരുമായി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്നലെ ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-ജപ്പാൻ ആഗോള പങ്കാളിത്തം ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ജയശങ്കർ വ്യക്തമാക്കി. സന്ദർശനത്തിന്റെ ഭാഗമായി ജപ്പാൻ വിദേശകാര്യമന്ത്രി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നിർണായക ധാതുക്കൾ, ഭീകരവാദ വിരുദ്ധ പോരാട്ടം എന്നിവയിൽ ഇരുരാജ്യങ്ങൾക്കും ഒരേ നിലപാടാണുള്ളത്.
ആഗോളതലത്തിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളികളിലൊന്നാണ് ഇന്ത്യയെന്നും ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ റൂബിയോ കൂട്ടിച്ചേർത്തു. ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഇരുരാജ്യങ്ങൾക്കുണ്ടെന്നും റൂബിയോ ഓർമിപ്പിച്ചു.
