പഞ്ചാബിലെ ലൂധിയാനയിൽ ഐഫോൺ മോഷ്ടാവിനെ തടയാൻ ശ്രമിച്ച കടയുടമയ്ക്ക് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടേണ്ടിവന്നു. ഐഫോൺ 17 പ്രോ മാക്സ് മോഷ്ടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ സ്കൂട്ടറിന്റെ പിന്നിൽ പിടിച്ച കടയുടമയെ ഏകദേശം 15 മീറ്ററോളം ദൂരമാണ് മോഷ്ടാവ് വലിച്ചിഴച്ചത്. പരിക്കേറ്റെങ്കിലും ഒടുവിൽ സ്കൂട്ടർ മറിഞ്ഞതോടെ ഫോൺ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 2:55 ഓടെയാണ് സംഭവം. മീറ്റ് എന്ന കടയുടമയുടെ ഷോപ്പിൽ രാവിലെ 11 മണിയോടെയെത്തിയ പ്രതി, ഇൻസ്റ്റാൾമെന്റിൽ ഫോൺ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ വീണ്ടും കടയിലെത്തിയ ഇയാൾ ഒരു ഫോൺ പെട്ടെന്ന് തന്റെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.
കടയ്ക്ക് പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ പിന്നാലെ കടയുടമ മീറ്റ് ഓടിയെത്തുകയും സ്കൂട്ടറിന്റെ പിന്നിലെ കാരിയറിൽ പിടികൂടുകയും ചെയ്തു. എന്നാൽ നിർത്താൻ തയ്യാറാകാത്ത പ്രതി സ്കൂട്ടർ കൂടുതൽ വേഗതയിൽ മുന്നോട്ട് ഓടിക്കുകയും, മീറ്റിനെ റോഡിലൂടെ 10 മുതൽ 15 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു.
ഒടുവിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മോഷ്ടാവ് റോഡിൽ വീഴുകയായിരുന്നു. തുടർന്ന് ഫോണും ആക്ടിവ സ്കൂട്ടറും അവിടെ ഉപേക്ഷിച്ച് പ്രതി കാൽനടയായി ഓടിരക്ഷപ്പെടുകയായിരുന്നു. താൻ മോഷ്ടാവിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന മറ്റ് വ്യാപാരികൾ ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് മീറ്റ് വ്യക്തമാക്കി. സംഭവത്തിൽ അദ്ദേഹത്തിന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
