പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ജനപ്രിയ ട്രെയിനായ ജനശതാബ്ദി എക്സ്പ്രസുകൾ അത്യാധുനിക സൗകര്യങ്ങളോടെ അടിമുടി മാറുന്നു. യാത്രക്കാർക്ക് മികച്ച യാത്രാസുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള ഐസിഎഫ് കോച്ചുകൾക്ക് പകരം അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തി ട്രെയിനുകൾ നവീകരിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബർബിൽ – ഹൗറ റൂട്ടിലെ ജനശതാബ്ദി എക്സ്പ്രസ് ഉടൻ തന്നെ പുത്തൻ കോച്ചുകളുമായി സർവീസ് ആരംഭിക്കും.
ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി കോച്ചുകൾ പരമ്പരാഗത കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. അപകടസമയങ്ങളിൽ കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി കയറില്ല എന്ന പ്രത്യേകത ആഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചതിനാൽ ഭാരം കുറഞ്ഞ ഈ കോച്ചുകൾക്ക് ഉയർന്ന വേഗത കൈവരിക്കാനും സാധിക്കും. മികച്ച ശബ്ദ ഇൻസുലേഷൻ സംവിധാനമുള്ളതിനാൽ കോച്ചിനുള്ളിൽ ശബ്ദവും കുലുക്കവും കുറവായിരിക്കും എന്നതും യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വിപുലമായ മാറ്റങ്ങളാണ് ഇന്റീരിയറിൽ വരുത്തിയിരിക്കുന്നത്. ദീർഘദൂര യാത്രകളിൽ തളർച്ച ഒഴിവാക്കാൻ സഹായിക്കുന്ന എർഗണോമിക് സീറ്റുകൾ, കൂടുതൽ സ്ഥലസൗകര്യം, പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ വലിയ ജനാലകൾ എന്നിവ പുതിയ കോച്ചുകളുടെ പ്രത്യേകതയാണ്. എസി ചെയർ കാർ കോച്ചുകളിൽ മൈക്രോപ്രൊസസർ നിയന്ത്രിത എയർ കണ്ടീഷനിംഗ് സംവിധാനം വഴി എല്ലായിടത്തും തുല്യമായ തണുപ്പ് ഉറപ്പാക്കും.
ശുചിത്വത്തിനായി മോഡുലാർ ബയോ ടോയ്ലറ്റുകളും കണ്ണിന് ആയാസം നൽകാത്ത എൽഇഡി ലൈറ്റുകളും കോച്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. അതിവേഗത്തിൽ പോകുമ്പോഴും സുരക്ഷിതമായി നിർത്താൻ സഹായിക്കുന്ന ഡിസ്ക് ബ്രേക്കുകളാണ് ഈ കോച്ചുകളിൽ ഉപയോഗിക്കുന്നത്. നിലവിലെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ തന്നെ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ ജനശതാബ്ദി സർവീസുകളിലും ഈ മാറ്റം കൊണ്ടുവരാനാണ് റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നത്
