വൈപ്പിൻ : സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന വ്യാജ രേഖ ചമച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിയ യുവാവ് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ചെറായി രക്തേശ്വരി ഭാഗത്തുള്ള യുവതിയിൽ നിന്നും 47,092 രൂപ കവർന്നുവെന്ന പരാതിയിൽ മുനമ്പം പോലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശി ശ്രീരാജ് ഷിബു എന്നയാൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആണെന്ന് പറഞ്ഞ് സർക്കാർ മുദ്രയുള്ള രേഖകളും, വ്യാജ സർക്കുലറും സർക്കാർ ഇമെയിൽ ഐഡി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ഐഡിയും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പിനായി ആവലാതിക്കാരിയെ സമീപിച്ചത്.
ബ്ലോക്ക് റിസോഴ്സസ് സെന്ററിന്റെ കീഴിലുള്ള ഗവൺമെന്റ് സ്കൂളിൽ സൂപ്രണ്ട് ക്വാട്ടയിൽ ജോലി തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവതി ഭർത്താവിന്റേയും സഹോദരിയുടെയും ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നുമാണ് പണം നൽകിയത്. എന്നാൽ പിന്നീട് ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു.
ഇതു നൽകാതെ വന്നതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
