പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ആശയവിനിമയ, സുരക്ഷാ സംവിധാനങ്ങൾ അടിമുടി പരിഷ്കരിക്കാൻ 1,200 കോടി രൂപയുടെ ബൃഹദ് പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശീയ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ ‘കവച് നാലാം പതിപ്പ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിന്യസിക്കും.
കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ഗതാഗതത്തിരക്കേറിയ 548 കിലോമീറ്റർ റൂട്ടുകളിലാണ് 300 കോടിയിലധികം രൂപ ചെലവിൽ കവച് സ്ഥാപിക്കുന്നത്. ട്രെയിനുകൾ ഒരേ ട്രാക്കിൽ വരികയോ അപകടസാധ്യത ഉണ്ടാവുകയോ ചെയ്യുന്ന നിർണായക സാഹചര്യങ്ങളിൽ യാന്ത്രികമായി ബ്രേക്കുകൾ പ്രയോഗിച്ച് കൂട്ടിയിടി ഒഴിവാക്കാൻ ഈ സംവിധാനത്തിന് സാധിക്കും.
തിരക്കേറിയ റെയിൽവേ ഇടനാഴികളിൽ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്.സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ, റെയിൽവേ ശൃംഖലയെ ശക്തിപ്പെടുത്താൻ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ആശയവിനിമയ സംവിധാനങ്ങളും ഒരുക്കും.
സെൻട്രൽ റെയിൽവേയിലെ അഞ്ച് ഡിവിഷനുകളിലായി 600 കോടി രൂപ ചെലവിൽ ഡ്യുവൽ-ഫൈബർ ശൃംഖല സ്ഥാപിക്കും. ഇത് തടസമില്ലാത്ത ട്രെയിൻ നിയന്ത്രണത്തിനും അധിക വരുമാനത്തിനുമായി ഫൈബർ ശേഷി പാട്ടത്തിന് നൽകാനും സഹായിക്കും.
ഗുജറാത്തിലെ രാജ്കോട്ട്, ഭാവ്നഗർ ഡിവിഷനുകളിലും 300 കോടി രൂപയുടെ സമാനമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ആധുനിക ട്രെയിൻ നിയന്ത്രണ സംവിധാനങ്ങൾക്കും കവചിന്റെ വിപുലീകരണത്തിനും ആവശ്യമായ കരുത്തുറ്റ ആശയവിനിമയ അടിത്തറയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
- എസ്.ആർ. സുധീർ കുമാർ
