മീനടം: ജില്ലയിലെ പ്രായം കൂടിയ വോട്ടര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ യാത്രയായി. ഇന്നലെ അന്തരിച്ച മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസ് (110)ജില്ലയിലെ പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രായാധിക്യം മൂലം വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ശോശാമ്മ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു.
മാസങ്ങള്‍ക്കു മുമ്പു പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ ശോശാമ്മയെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. മീനടം പോസ്റ്റ് ഓഫീസ് ജംഗ്ഷന് അടുത്തു താമസിക്കുന്ന ശോശാമ്മ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്തിരുന്നു.
ഇവര്‍ക്കു വീടിനടുത്തുള്ള മീനടം എല്‍പി സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്. വനിതാ ശിശുസംരക്ഷണ ഓഫീസറായി വിരമിച്ച മൂത്തമകള്‍ ഏലിയാമ്മ സ്കറിയയാണു ഒപ്പമുള്ളത്.
ഏലിയാമ്മയുടെ പേരക്കുട്ടികളായ സക്കറിയ മാര്‍ക്കോസ്, എബിന് ഏബ്രഹാം എന്നിവരും സഹായത്തിനുണ്ടായിരുന്നു. ശോശാമ്മയുടെ രണ്ടാമത്തെ മകള്‍ അച്ചാമ്മ നൈനാന് ചെങ്ങന്നൂരിലാണ്. ഇളയമകന് ഈപ്പന് കുര്യാക്കോസ് യുഎസിലും.
