കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങി. 8120 ഏക്കര്‍ പാടശേഖരത്തിലാണ് ജില്ലയില്‍ കൃഷിയുള്ളത്. ഇതില്‍ 1408 ഏക്കറില്‍ കൊയ്ത്ത് പൂര്‍ത്തിയായി. 4221 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. 30 മില്ലുകാരുടെ നേതൃത്വത്തില്‍ ഒരു കിലോയ്ക്ക് 30 രൂപ 12 പൈസയ്ക്കാണ് സംഭരിക്കുന്നത്. നെല്ലുസംഭരണം പുരോഗമിക്കുമ്പോള്‍ കൊയ്ത്ത് യന്ത്രത്തിനു കര്‍ഷകര്‍ ക്ഷാമം നേരിടുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ എത്തിയില്ലെങ്കില്‍ ജില്ലയിലെ കൊയ്ത്ത് തീരാന്‍ ഇനിയും സമയമെടുക്കും.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തിലും കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ മിനിമം 200 കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലേ കൊയ്ത്ത് യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ജില്ലയില്‍നിന്നും അയല്‍ ജില്ലകളില്‍നിന്നുമായി 75 കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് 50 യന്ത്രങ്ങളും എത്തിയിട്ടുണ്ട്. ഇനിയും നൂറോളം യന്ത്രങ്ങള്‍ എത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഇത്തവണ യന്ത്രങ്ങള്‍ എത്തുന്നതില്‍ കുറവു വന്നിട്ടുണ്ട്.
തമിഴ്നാട്ടില്‍നിന്നുള്ള യന്ത്രങ്ങള്‍ ഇത്തവണ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് പോയി. കേരളത്തില്‍ കിട്ടുന്നതില്‍ കൂടുതല്‍ വാടക കിട്ടുമമെന്നതിനാലാണ് അയല്‍സംസ്ഥാനത്തേക്ക് യന്ത്രങ്ങള്‍ പോയത്. കേരളത്തില്‍ മണിക്കൂറിനു പരമാവധി 2000-2100 രൂപയാണ് ലഭിക്കുക. ജില്ലാ പഞ്ചായത്തിന്റെയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെയും കൊയ്ത്ത് യന്ത്രത്തില്‍ പലതും പ്രവര്‍ത്തനക്ഷമമല്ല. ഇവ നന്നാക്കുന്നതിനും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ എത്തിക്കുന്നതിനും നൂലാമാലകള്‍ ഏറെയാണ്.
മുന്‍കാലത്ത് കോട്ടയം നഗസഭയ്ക്കുവരെ കൊയ്ത്ത് യന്ത്രമുണ്ടായിരുന്നു. ഇവ നാട്ടകത്തെ സോണല്‍ ഓഫീസിനു പുറകില്‍ കാടുപിടിച്ച് കിടക്കുകയാണ്. പുതിയ യന്ത്രങ്ങള്‍ വാങ്ങുമെന്ന് എല്ലാ വര്‍ഷവും ജില്ലാ പഞ്ചായത്ത് പറയുമെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. യന്ത്രത്തിനു ക്ഷാമം നേരിടുന്നതിനൊപ്പം വേനല്‍മഴ ശക്തമാകുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സംഭരണം വൈകുന്നു
നെല്ല് സംഭരണം വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. മിക്ക പടശേഖരങ്ങളിലും കിഴിവ് (താര) തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭരണം വൈകുന്നത്. കൊയ്ത്ത് പൂര്‍ത്തിയായ പാടശഖരങ്ങളില്‍ നെല്ല് കയറി പോകാത്തതിനാല്‍ പാടത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ കിഴിവ് തര്‍ക്കത്തെത്തുടര്‍ന്ന് ആഴ്ചകളോളം നെല്ല് പാടത്തുതന്നെ കെട്ടിക്കിടന്നതിനു ശേഷമാണ് കയറിപോയത്.
മില്ലുകാരുടെ വിലപേശലിനൊപ്പം സപ്ലൈകോ അധികൃതരും പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥരും തങ്ങളെ ചൂഷണവിധേയരാക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് കര്‍ഷകരുടെ പ്രധാന ആരോപണം. 25 കിലോ കിഴിവ് വരെ 100 ക്വിന്റല്‍ നെല്ല് സംഭരിക്കാനായി മില്ലുകാര്‍ ചോദിച്ച പാടശേഖരങ്ങളുണ്ട്. വേനല്‍ മഴ ശക്തമായതോടെ മുഴുവന്‍ സമയവും നെല്ല് സുരക്ഷിതമായി സൂക്ഷിക്കാനായി പാടത്തുതന്നെയാണ് കര്‍ഷകര്‍ കഴിയുന്നത്. വേനല്‍മഴ ശക്തമായതിനാല്‍ നെല്ല് പാടത്തുനിന്ന് ബണ്ടിലേക്ക് വാരി മാറ്റി സൂക്ഷിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്.
വേനല്‍മഴ കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ
വേനല്‍മഴ ശക്തമായതോടെ നെല്ല് സംരക്ഷിക്കാനായി എപ്പോഴും പാടത്തുതന്നെ കഴിയേണ്ടുന്ന സ്ഥിതിയാണ് കര്‍ഷകര്‍ക്കുള്ളത്. കല്ലറ മൂണ്ടാറിലും മറ്റും വാഹനം എത്താത്ത പാടശേഖരങ്ങളില്‍ വള്ളത്തില്‍ കയറ്റിവേണം നെല്ല് റോഡിലെത്തിക്കാന്‍. ഒരു ക്വിന്റല്‍ നെല്ല് ലോറി വരുന്നിടത്ത് എത്തിക്കാനായി 300 രൂപയിലധികം നല്‍കണം. കൊയ്തെടുത്ത നെല്ല് കാത്തുസൂക്ഷിക്കാനായി മഴയും വെയിലും കൊണ്ട് ദിവസങ്ങളായി പാടത്ത് തുടരുകയാണ് പലയിടത്തും കര്‍ഷകര്‍.
മുന്‍വര്‍ഷങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞാല്‍ പരമാവധി ഒരാഴ്ചയ്ക്കകം നെല്ല് കയറിപ്പോകാറാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. സംഭരണം ഇനിയും വൈകിയാല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ തുടങ്ങാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.
