കോട്ടയം: ദേശീയപാത 183ല്‍ കോട്ടയം ഐഡ ജംഗ്ഷന് മുതല്‍ കോത്തല മണ്ണാത്തിപ്പാറ വരെയുള്ള 23 കിലോമീറ്റര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം.31 നകം സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പദ്ധതി നഷ്ടപ്പെടാന്‍ കാരണമായേക്കും.
നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടമെന്ന നിലയിലാണു പാമ്പാടി അണ്ണാ ടിവയല് ഭാഗത്ത് സര്‍വേ ആരംഭിച്ചത്. ഈ ഭാഗത്തെ റോഡിന്റെ അതിരുകള്‍ റവന്യൂ വകുപ്പ് അടയാളപ്പെടുത്തി കല്ലിടുകയാണു ചെയ്യുന്നത്. ഒരു സര്‍വേയറെയും ഏതാനും ഉദ്യോഗസ്ഥരെയും മാത്രമാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. ഈ സംഘം ഒറ്റയ്ക്ക് 23 കിലോമീറ്റര്‍ ദൂരം സര്‍വേ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകും.
കൂടുതല്‍ ഉദ്യോഗസ്ഥരെയും സര്‍വേയര്‍മാരെയും നിയോഗിച്ചാൽ മാത്രമേ സര്‍വേ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നിര്‍മാണ പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു സമര്‍പ്പിക്കും. ഇതിനുശേഷമായിരിക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
ഐഡ ജംഗ്ഷന് മുതല്‍ മണ്ണാത്തിപ്പാറ വരെയുള്ള റോഡ് നവീകരണത്തിന് 150 കോടി രൂപയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അനുവദിച്ചത്. പുതുതായി സ്ഥലം ഏറ്റെടുക്കാതെ ഇപ്പോഴത്തെ റോഡിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വിവിധ സ്ഥലങ്ങളിലെ പുറമ്പോക്ക് ഭൂമി വീണ്ടെടുത്തു നവീകരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവിലുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി ഇപ്പോള്‍ ആറു മീറ്റര്‍ വീതിയുള്ള റോഡ് 10 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്തു മനോഹരമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവിടങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ബസ് ബേകളും നിര്‍മിക്കും.
കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു പുറമ്പോക്ക് ഭൂമികൂടി പ്രയോജനപ്പെടുത്തുന്നതോടെ റോഡിന് ആവശ്യമായ വീതി ലഭിക്കുമെന്നാണ് പൊതുമാരമത്തുവകുപ്പ് എന്‍എച്ച് വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പദ്ധതി ആരംഭിക്കുന്നതിനു മുമ്പായി ദേശീയപാത 183ല്‍ ചെങ്ങന്നൂര്‍ മുതല്‍ മുണ്ടക്കയം വരെ വീതി കൂട്ടി നവീകരിക്കാന്‍ ദേശീയപാതാ അഥോറിട്ടി മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. കോട്ടയം മുളങ്കുഴയില്‍ ആരംഭിച്ച് പാമ്പാടി വെള്ളൂരില്‍ വരെ നീളുന്ന ബൈപാസ് റോഡ് നിര്‍മിക്കുന്നതാണു പദ്ധതി.
ഇതിനായുള്ള പഠനം സ്വകാര്യ കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്തു നടത്തിവരികയാണ്. ഇവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ പുരോഗമിക്കുന്നത്.ഇതു പ്രാബല്യത്തിലാകുന്നതോടെ നിലവിലെ കോട്ടയം- കഞ്ഞിക്കുഴി- മണര്‍കാട് റോഡ് നവീകരണം ദേശീപാത വിഭാഗത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവാകും.
ഇതിനാലാണ് കോട്ടയം ഐഡ ജംഗ്ഷന് മുതല്‍ കോത്തല മണ്ണാത്തിപ്പാറ വരെയുള്ള 23 കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ദേശീയപാത വിഭാഗം കാഞ്ഞിരപ്പള്ളി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.എസ്. സുര, അസി. എന്‍ജിനിയര്‍ കെ.എം. അരവിന്ദ്, താലൂക്ക് സര്‍വേയര്‍ ആര്. നിഥിന് എന്നിവരാണ് സര്‍വേ നടത്തുന്നത്.
ജീവന്‍വച്ചത് എംപിയുടെ ഇടപെടലില്‍
റോഡ് നവീകരണത്തിനായി അനുവദിച്ച 150 കോടി രൂപ നഷ്ടപ്പെട്ടു പദ്ധതി പാഴായിപ്പോകുമെന്ന് സ്ഥിതിയുണ്ടായപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഇടപെട്ടതോടെയാണ് പദ്ധതിക്കു വീണ്ടും ജീവന്‍വച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പ്ലാനില്‍ ഉള്‍പ്പെടുത്തി ദേശീയപാതാ അഥോറിറ്റി അനുവദിച്ച തുക ഉപയോഗിച്ചുള്ള പ്രവർത്തനങ്ങള്‍ ആരംഭിക്കാതിരുന്നതോടെയാണു പദ്ധതി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക ഉയര്‍ന്നത്. ഇതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് എംപി ഇടപെട്ടത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പു ജോലികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എംപി ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നു പൊതുമരാമത്ത് എന്‍എച്ച് വിഭാഗം ജില്ലാ കളക്ടര്‍ക്കു കത്തുനൽകുകയും ചെയ്തതോടെയാണ് സര്‍വേ ടീമിനെ നിയോഗിച്ചു ജോലികള്‍ ആരംഭിച്ചത്. പ്രത്യേക സര്‍വേ സംഘത്തെ ഉടന്‍ നിയോഗിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.
