കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡിസിസി പ്രസിഡന്റുമായ ജോഷി ഫിലിപ്പ് എത്തിയേക്കും. ആകെയുള്ള 23 സീറ്റില്‍ 12 സീറ്റും കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് മെംബര്‍മാരില്‍ സീനിയര്‍ ജോഷി ഫിലിപ്പാണ്. രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്തിലേക്ക് എത്തുന്നത്. 2015ല്‍ ആദ്യ വട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി.
തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി 20 വര്‍ഷം വാകത്താനം പഞ്ചായത്തംഗമായിരുന്നു. എട്ടു വര്‍ഷം പ്രസിഡന്റുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളിലൂടെയാണ് നേതൃപദവിയിലേക്കുയര്ന്നത്. ജോഷി ഫിലിപ്പിനൊപ്പം കുമരകത്ത് അട്ടിമറി വിജയം നേടിയ പി.കെ. വൈശാഖിന്റെ പേരും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം വൈശാഖിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ളവര്‍ ജോഷി ഫിലിപ്പിന് അവസരം വേണമെന്ന നിലപാടിലാണ്. തര്‍ക്കമുണ്ടായാല്‍ ഇരുവര്‍ക്കും വീതം വച്ചു നല്‍കുന്നതിനും ആലോചനയുണ്ട്. അടുത്തയാഴ്ച ചേരുന്ന ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി പ്രസിഡന്റിനെ നിശ്ചയിക്കും.
യുഡിഎഫിന്റെ 16 സീറ്റില്‍ നാലു സീറ്റ് കേരള കോണ്‍ഗ്രസിനാണ്. പ്രസിഡന്റ് സ്ഥാനത്തില്‍ ഒരു ടേം കേരള കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇതില്‍ അങ്ങനെ വന്നാല്‍ രണ്ടര വീതം പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കേണ്ടി വരും. ഇതില്‍ ആദ്യ ടേം ആര്‍ക്കു വേണമെന്നത് യുഡിഎഫ് സംസ്ഥാന നേതൃത്വമായിരിക്കും തീരുമാനിക്കുക.
യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ കേരള കോണ്‍ഗ്രസിന്റെ പങ്ക് ഇത്തവണ വലുതാണ്. അതേ പോലെ ജില്ലാ പഞ്ചായത്തില്‍ നാലംഗങ്ങളുമുണ്ട്. അതിനാല്‍ ആദ്യ ടേം കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും. കേരള കോണ്‍ഗ്രസില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കാഞ്ഞിരപ്പള്ളി ഡിവിഷന് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ തോമസ് കുന്നപ്പള്ളിയെയാണ്.
ജില്ലാ പഞ്ചായത്തിലെ സീനിയര്‍ അംഗമായ കുന്നപ്പള്ളി നാലാം വട്ടമാണ് ജില്ലാ പഞ്ചായത്തിലെത്തുന്നത്. ജോസ്മോന് മുണ്ടയ്ക്കലിന്റെ പേരും കേരള കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍നിന്ന് ഗ്രേസി കരിമ്പന്നൂര്‍, ആര്. ശ്രീകല, സിനി മാത്യു എന്നിവരിലൊരാളെയാണ് പരിഗണിക്കുന്നത്. വനിത സംവരണമായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കേരള കോണ്‍ഗ്രസിനു വനിതാ പ്രതിനിധികളില്ല.
