ബസില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയുടെ കാലില്‍ നിന്ന് ഊരിവീണ പാദസരം കിട്ടിയത് മറ്റൊരു യുവതിയ്ക്ക് ! അവര്‍ അത് കണ്ടക്ടറെ ഏല്‍പ്പിച്ചു; അടുത്തദിവസം പാദസരം തേടി ഉടമയെത്തിയപ്പോള്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത് 4000 രൂപ

തിരുവനന്തപുരം: പേരുദോഷമൊഴിഞ്ഞുള്ള നാളുകള്‍ കെഎസ്ആര്‍ടിസിയ്ക്ക് അന്യമാണ്. കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് കൈമാറിയപ്പോള്‍ കെഎസ്ആര്‍ടിസി ഈടാക്കിയത് 4000 രൂപ. ഒരു ദിവസമാണ് കെഎസ്ആര്‍ടിസി. ഡിപ്പോയില്‍ പാദസരം സൂക്ഷിച്ചത്. സ്വര്‍ണാഭരണം കണ്ടെടുത്ത് ഏല്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. അവര്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് സഹായിച്ചത് മ്യൂസിയം പൊലീസും.

നഷ്ടമായ മുതല്‍ തിരികെ വാങ്ങാന്‍ ഓടിയെത്തിയപ്പോള്‍ നോട്ടക്കൂലി കേട്ടു ഞെട്ടി. സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തലസ്ഥാനത്ത് എത്തിയ കോതമംഗലം സ്വദേശിനിയാണ് കെഎസ്ആര്‍ടിസിയുടെ നോട്ടക്കൂലിയില്‍ വലഞ്ഞത്. കളഞ്ഞുകിട്ടുന്ന വസ്തുവിന്റെ വിപണിമൂല്യം ഈടാക്കി പത്തുശതമാനം സര്‍വീസ് ചാര്‍ജ് വാങ്ങണമെന്നാണ് കെഎസ്ആര്‍ടിസി നിയമം. അതു പ്രകാരം ഒന്നര പവന് 40,000 രൂപ വില വരും. അതുകൊണ്ട് നോട്ടക്കൂലി 4000 രൂപ ഈടാക്കി. അങ്ങനെ പണം കൊടുത്ത് സ്വന്തം മുതല്‍ ഏറ്റുവാങ്ങി.

കണിയാപുരം ഡിപ്പോയിലെ ബസില്‍ യാത്രചെയ്യുമ്പോഴാണ് വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണാഭരണം നഷ്ടമായത്. വിദ്യാര്‍ത്ഥിനി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് ഈ വിവരം വാട്‌സാപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകളിലും കൈമാറി. ആഭരണം കളഞ്ഞുകിട്ടിയ യാത്രക്കാരിയും സാമൂഹികമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി വിവരം കൈമാറിയിരുന്നു. പാദസരം തിരിച്ചുകിട്ടിയ കാര്യം പൊലീസുകാരാണ് വിദ്യാര്‍ത്ഥിനിയെ അറിയിച്ചത്.

നോട്ടക്കൂലിക്ക് പുറമെ 200 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും രണ്ട് ആള്‍ജാമ്യവും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. സുഹൃത്തുക്കളില്‍നിന്ന് പണം കടംവാങ്ങിയാണ് വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസിയുടെ പണം നല്‍കിയത്. ബസില്‍നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുവകകള്‍ ഏറ്റെടുക്കേണ്ടത് കണ്ടക്ടറാണ്. ഡിപ്പോയിലെത്തുമ്പോള്‍ മൂല്യം കണക്കാക്കി രേഖ തയാറാക്കി കൈമാറണം. സാക്ഷികളും വേണം.

ഇത് തിരികെ കിട്ടാന്‍ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കണം. ഉടമയാണെന്നതിന്റെ രേഖകളും ഹാജരാക്കണം. എങ്ങനെ നഷ്ടമായെന്നതിനും സാധൂകരിക്കുന്ന തെളിവുകള്‍ വേണം.ഭാവിയില്‍ മറ്റാരെങ്കിലും അവകാശം ഉന്നയിച്ചെത്തിയാല്‍ സ്വീകരിച്ചമുതല്‍ തിരികെ കെഎസ്ആര്‍ടിസിക്ക് നല്‍കാമെന്നും ഉറപ്പുനല്‍കണം. പത്തുശതമാനം സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചത് കെഎസ്ആര്‍ടിസി. നേരിട്ടാണ്. എന്തെങ്കിലും സാധനം കെഎസ്ആര്‍ടിസിയില്‍ നഷ്ടപ്പെട്ടുപോയാല്‍ പണി ഉറപ്പ് എന്നു ചുരുക്കം.

Related posts