ചാത്തന്നൂർ: കെഎസ്ആർടി സിയിൽ സർവീസിലിരിക്കേ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നല്കുന്നു. ബദലി ജീവനക്കാരായി 715 രൂപ ദിവസ വേതനത്തിലാണ് നിയമനം. ഈ ബദലിനിയമനം സ്ഥിരം തസ്തിക ഉണ്ടാകുന്നതുവരെയാണ്. സ്ഥിരം നിയമനം നടത്തുന്നതിനോ റിപ്പോർട്ട് ചെയ്യുന്നതിനോ മാനേജ്മെന്റോ സർക്കാരോ തീരുമാനം എടുക്കുന്നത് വരെയായിരിക്കും.
ബദലികളായി നിയോഗിക്കുന്നവരെ സ്ഥിരം നിയമനത്തിന് പരിഗണിക്കില്ല. സർവീസ് റൂൾ പ്രകാരം സർവീസ് ബ്രേക്ക് ബദലി നിയമനത്തിനും ബാധകമായിരിക്കും. വർഷങ്ങളായി ആശ്രിത നിയമനത്തിന് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നല്കുന്നതാണ് തീരുമാനമെങ്കിലും യാതൊരു തൊഴിൽ ആനുകൂല്യങ്ങളോ തൊഴിൽ സുരക്ഷയോ ഇല്ലാതെയാണ് നിയമനം.
കണ്ടക്ടർ, ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്കായിരിക്കും നിയമനം. ആശ്രിത നിയമനത്തിന് അപേക്ഷ നല്കിയിട്ടുള്ളവരുമായി 27, 28, 29 തീയതികളിൽ നേരിട്ട് അഭിമുഖംനടത്തും. 27ന് കാസർകോഡ് ,വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലുളളവർക്കും 28ന് തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവർക്കും29ന് പത്തനംതിട്ട, കൊല്ലം ജില്ലകളിലുള്ളവർക്കുമാണ് അഭിമുഖം. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ വച്ച് രാവിലെ ഒന്പതു മുതൽ നാലു വരെയാണ് സമയം.
തിരിച്ചറിയൽ രേഖകളും അവകാശസർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും അഭിമുഖത്തിനെത്തുന്നവർ ഹാജരാക്കണം. സ്ഥിരം നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആശ്രിതർക്ക് ബദലി നിയമനത്തിലൂടെ കനത്ത തിരിച്ചടിയാണ് ലഭിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
- പ്രദീപ്ചാത്തന്നൂർ
