എരുമേലി: ഇല്ലാത്ത നഷ്ടം ആരോപിച്ച് അധികൃതർ മനഃപൂർവം നിർത്തിയ കെഎസ്ആർടിസി ബസ് സർവീസ് ഒടുവിൽ ശക്തമായ ജനകീയ ഇടപെടൽ മൂലം പുനരാരംഭിച്ചു. എരുമേലിയിൽ നിന്ന് എറണാകുളം വൈറ്റിലയിലേക്കുള്ള ബസ് ആണ് അധികൃതർ നിർത്തിയത്. ഉദ്യോഗസ്ഥരിൽ ചിലർക്ക് സ്വകാര്യ ബസ് ഉടമകളുമായുള്ള ബന്ധം മൂലമാണ് കെഎസ്ആർടിസി സർവീസ് നിർത്തിയതെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു.
നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ബസ് സർവീസ് ആരംഭിക്കാൻ മന്ത്രി തലത്തിൽ ഇടപെട്ടതിന് ഒടുവിൽ അനുകൂല തീരുമാനമാകുകയായിരുന്നു.മുക്കൂട്ടുതറ, പമ്പാവാലി, കാളകെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായ സർവീസ് ഇന്നലെ ആണ് പുനരാരംഭിച്ചത്.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആദ്യ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പുലർച്ചെ നാലരയ്ക്ക് എരുമേലിയിൽ നിന്നു മുക്കൂട്ടുതറ, പമ്പാവാലി, 504 കോളനി,പുഞ്ചവയൽ വഴി മുണ്ടക്കയത്ത് എത്തി രാവിലെ 6.10 ന് മുണ്ടക്കയത്ത് നിന്നു പറത്താനം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട വഴി സർവീസ് തുടരുന്ന ബസ് രാവിലെ 10.00 ന് വൈറ്റിലയിൽ എത്തും. തിരികെ 2.15 ന് വൈറ്റിലയിൽ നിന്നു പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, റാന്നി വഴി പത്തനംതിട്ടയ്ക്ക് ആണ് സർവീസ്. രാത്രി ഏഴിന് പത്തനംതിട്ടയിൽ നിന്ന് എരുമേലിക്ക് ഓപ്പറേറ്റ് ചെയ്യുന്ന ട്രിപ്പ് എട്ടോടെ എരുമേലിയിൽ അവസാനിക്കും.
ഫ്ലാഗ് ഓഫ് ചടങ്ങിൽ പൊൻകുന്നം എടിഒ എസ്. അനിൽ കുമാർ, എരുമേലി സെന്റർ ഇൻസ്പെക്ടർ ഇൻചാർജ് ഷാജി പാലക്കാട്ട്, വിവിധ തൊഴിലാളി യൂണിയൻ ഭാരവാഹികളായ അനൂപ് അയ്യപ്പൻ, അനസ് അബ്ദുൾ ഷുക്കൂർ, പി.എൻ. മോഹനൻ, എബി ഡേവിഡ്, സഞ്ജു ഫിലിപ്പ് കുരുവിള, എ.എച്ച്. അൻഷ എന്നിവർ പ്രസംഗിച്ചു.
