അണക്കര: മണിയന്‍പെട്ടിയില്‍ സുഹൃത്തിനെ മദ്യത്തില്‍ വിഷം നല്കി കൊലപ്പെടുത്തിയ മണിയന് പെട്ടി സ്വദേശി പ്രവീണ്‍ കുമാറിനെ (26) തൊടുപുഴ അഡീഷണല്‍-നാല് സെഷന്‍സ് ജഡ്ജി ലൈജമോള്‍ ഷെരീഫ് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മണിയന്‍പെട്ടി സത്യവിലാസം പവന് രാജിന്റെ മകന് രാജ്കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
2022 ഏപ്രില്‍ 15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തും തന്റെ സഹോദരിയും തമ്മില്‍ മോശം ബന്ധമുണ്ടെന്നുള്ള സംശയത്തില്‍ പ്രവീണ്‍കുമാര്‍ രാജ്കുമാറിനെയും കൂട്ടി തമിഴ്നാട് വനമേഖലയിലെ കുളിക്കടവിലെത്തി മദ്യപിക്കുന്നതിനിടയില്‍ കൈയില്‍ കരുതിയിരുന്നവിഷം മദ്യത്തില്‍ കലര്‍ത്തി നല്‍കുകയും മരണം ഉറപ്പാക്കിയശേഷം മൃതദേഹം സമീപത്തെ പാറപ്പുറത്തു കിടത്തി മദ്യക്കുപ്പിയും വിഷക്കുപ്പിയും മറ്റും ഒളിപ്പിച്ചുവച്ച് കടന്നുകളയുകയുമായിരുന്നു.
അന്നേ ദിവസം പ്രവീണ്‍കുമാറിനെയും രാജ്കുമാറിനെയും ഒരുമിച്ചുകണ്ട പ്രദേശവാസികളുടെ മൊഴിയെത്തുടര്‍ന്നാണ് പ്രതി പോലീസ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രവീണ്‍കുമാര്‍ കുറ്റസമ്മതമൊഴി നല്‍കിയിരുന്നു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. അഡ്വ. വി.എസ്. അഭിലാഷ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. വണ്ടന്മേട് എസ്എച്ച്ഒ ആയിരുന്ന വി.എസ്. നവാസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.എസ്ഐ കെ.എന്‍. ഷാജി, എഎസ്ഐ കെ.എസ്. സൂരജ് എന്നിവര്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്മാരായിരുന്നു.
