മുണ്ടക്കയം: കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി ഗ്രാമങ്ങൾ പുലിപ്പേടിയിൽ. ഒന്നിടവിട്ട ദിവസങ്ങളിൽ പലയിടങ്ങളിലും പുലിയെ കണ്ടതായുള്ള വാർത്തകൾ ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുകയാണ്. വളർത്തുനായ്ക്കളും മൃഗങ്ങളും ഓരോ ദിവസവും പുലിയുടെ ആക്രമണത്തിനിരയാവുകയാണ്. കർശന നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നും ആക്ഷേപം ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം പുഞ്ചവയൽ കാരിശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് പുതുപ്പറമ്പിൽ ദിവാകരന്റെ വളർത്തുനായയെ അജ്ഞാതജീവി കൊന്നിരുന്നു. പുലിയുടെ ആക്രമണമാണോയെന്ന സംശയത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് രണ്ടു കാമറകൾ സ്ഥാപിച്ചു. ആക്രമണത്തിൽ ചത്ത നായയുടെ ജഡം ഇവിടെത്തന്നെ ഇടുകയും ചെയ്തു.
എന്നാൽ, രാത്രിയിൽ അജ്ഞാത ജീവി വീണ്ടുമെത്തി നായയുടെ ജഡം കടിച്ചുകൊണ്ടുപോയി. വനംവകുപ്പ് അധികാരികളെത്തി ഉന്നത ഉദ്യോഗസ്ഥരുടെ മുമ്പാകെ പരിശോധിക്കണമെന്ന് പറഞ്ഞ് കാമറ എടുത്തുകൊണ്ടുപോയെങ്കിലും ഇതിൽ ദൃശ്യങ്ങളൊന്നും പതിഞ്ഞില്ലെന്ന മറുപടിയാണ് നൽകിയത്.
അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണത്തിൽ നാട്ടുകാർ തൃപ്തരല്ല. പുലിയോ കടുവയോ ആകാം ആക്രമണം നടത്തിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മൂടിവയ്ക്കുന്നതാകാമെന്നുമാണ് നാട്ടുകാർ സംശയിക്കുന്നത്.ഇതേ സ്ഥലത്തുതന്നെ രണ്ടു മാസങ്ങൾക്ക് മുമ്പ് മറ്റൊരു നായയെയും അജ്ഞാത ജീവി കൊന്നിരുന്നു. ഇതിന് സമീപ മേഖലയായ പുഞ്ചവയൽ മാങ്ങാപേട്ടയിലും കോരുത്തോട് പഞ്ചായത്തിന്റെ കൊട്ടാരംകട ഭാഗത്തും പുലിയുടേതിന് സമാനമായ ആക്രമണമുണ്ടായിരുന്നു.
പെരുവന്താനം പഞ്ചായത്തിലെ കൊടികുത്തിയിലും കൊക്കയാർ പഞ്ചായത്തിന്റെ മ്ലാക്കര, ഉറുമ്പിക്കര മേഖലകളിലും കൂട്ടിക്കൽ പഞ്ചായത്തിന്റെ വല്യന്ത, കൊടുങ്ങ മേഖലയിലും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിക്കുമ്പോൾ കാമറ സ്ഥാപിക്കുകയും രണ്ടുദിവസം കഴിഞ്ഞ് ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന മറുപടിയോടെ കാമറ എടുത്തുകൊണ്ടു പോകുകയുമാണ് വനംവകുപ്പ് അധികാരികൾ ചെയ്യുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വരെ പുലിയുടെ ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് ചെയ്യുന്നതെന്നും വ്യാപക ആരോപണമാണ് ഉയരുന്നത്. മനുഷ്യജീവനും വളർത്തുമൃഗങ്ങളുടെ ജീവനും വില കൽപ്പിക്കാതെ നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന നിലപാടിൽനിന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്തിരിയണമെന്നും ആവശ്യം ശക്തമാവുകയാണ്.
