സംവിധായകനാകാന്‍ മോഹിച്ചു, പത്മരാജന്റെ അടുത്തെത്തിയതോടെ തലവര മാറി, വില്ലന്‍ വേഷങ്ങളില്‍ തളയ്ക്കപ്പെട്ടെങ്കിലും സംവിധാനം ചെയ്ത സിനിമയും വ്യത്യസ്തമായി, കൊല്ലം അജിത്തിനെ ഓര്‍മിക്കുമ്പോള്‍

ചലച്ചിത്ര സംവിധായകനാവുകയെന്നതായിരുന്നു അജിത്തിന്റെ മോഹം. ഇഷ്ടസംവിധായകനായ പത്മരാജന്റെ അടുക്കല്‍ ഈ മോഹവുമായാണ് അജിത്ത് ചെന്നത്. പക്ഷെ അജിത്തില്‍ ഒരു നടനെയാണ് പത്മരാജന്‍ കണ്ടത്.

അങ്ങനെ 1983ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തില്‍ നടനായി അജിത്ത് അരങ്ങേറ്റം നടത്തി. പിതാവ് കോട്ടയം സ്വദേശിയാണെങ്കിലും അജിത്ത് ജനിച്ചുവളര്‍ന്നത് കൊല്ലത്തായിരുന്നതിനാല്‍ കൊല്ലം അജിത്ത് എന്നാണ് സിനിമാ മേഖലയില്‍ അജിത്ത് അറിയപ്പെട്ടത്.

തൊണ്ണൂറുകളില്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന അജിത്തിന് ലഭിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിക്കുന്‌പോഴും സംവിധായകനാവുകയെന്ന മോഹം അജിത്ത് ഉള്ളില്‍ സൂക്ഷിച്ചിരുന്നു.

1987ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന സിനിമയിലൂടെ ആദ്യമായി നായകനായി. സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കോളിംഗ്‌ബെല്‍ എന്ന ചിത്രം അജിത്ത് സംവിധാനം ചെയ്തു. പിന്നീട് പകല്‍പ്പോലെ എന്ന രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്തു.

നടനെന്ന നിലയില്‍ അജിത്ത് തിളങ്ങിയത് മുഴുവന്‍ ആക്ഷന്‍ ചിത്രങ്ങളിലായിരുന്നെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലും ആക്ഷന് പ്രാധാന്യമില്ലായിരുന്നു. കോളിംഗ് ബെല്‍ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് അജിത്ത് തന്നെയായിരുന്നു.

 

Related posts