നാരങ്ങാവെള്ളം കുടിച്ച് ബില്ല് വാങ്ങി നോക്കിയപ്പോള്‍ കണ്ണ് തള്ളിപ്പോയി! തിരുവനന്തപുരം നഗരത്തിലെ റസ്റ്ററന്റിലെ പകല്‍ക്കൊള്ളയെ തുറന്നുകാട്ടി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉരുകിപ്പോവുന്ന ചൂടത്ത് പുറത്തിറങ്ങുന്നവര്‍, ചെലവുചുരുക്കി ദാഹമകറ്റാന്‍ ചെയ്യുന്ന പണിയാണ് ഒരു നാരങ്ങാവെള്ളം കാച്ചുക എന്നത്. ദാഹശമനം ഉറപ്പെന്നതും കീശ അധികം കാലിയാകില്ലെന്നതുമാണ് നാരങ്ങാവെള്ളത്തെ ജനപ്രിയമാക്കാനുള്ള രണ്ട് കാരണങ്ങള്‍.

എന്നാല്‍ ഒരു നാരങ്ങാവെള്ളം കുടിച്ച് ബില്ല് വാങ്ങി നോക്കിയപ്പോള്‍ കണ്ണ് തള്ളിപ്പോയ അമുഭവമാണ് തിരുവനന്തപുരം കാരനായ യുവാവ് പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വഴുതക്കാടുള്ള ‘ചെറീസ് ആന്‍ഡ് ബെറീസ്’ എന്ന റെസ്റ്റോറന്റില്‍ നിന്നും നാരങ്ങാവെള്ളം വാങ്ങിയതിന് ലഭിച്ച ബില്ല് സഹിതമാണ് അബ്ദുള്‍ അലീഫ് എന്നയാള്‍ ഫേസ്ബുക്കില്‍ തന്റെ അനുഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലായെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി. വില കേട്ടുള്ള ഷോക്ക് തീരാന്‍ പുറത്തിറങ്ങി മറ്റൊരിടത്ത് നിന്നും 12 രൂപ നല്‍കി ഒരു നാരങ്ങാ വെള്ളം കൂടി കുടിച്ചപ്പോഴാണ് ആശ്വാസമായതെന്നും ഇദ്ദേഹം പോസ്റ്റില്‍ പറയുന്നു.

യുവാവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

”ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെര്‍വ് ചെയ്ത ഗ്‌ളാസ്സിനു പോലും മിനിമത്തില്‍ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേര്‍ത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒണ്‍ലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!

പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാര്‍ലറില്‍ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??????”

Related posts