ഓസ്ട്രേലിയയുടെ പഹൽഗാമായി മാറിയിരിക്കുകയാണ് സിഡ്നിയിലെ ബോണ്ടി ബീച്ച്. ലോകസമാധാനത്തിനു ഭീഷണിയും യുദ്ധങ്ങളുടെ ഉത്പാദനകേന്ദ്രവുമായ ഇസ്ലാമിക തീവ്രവാദത്തിന്റെ രണ്ടു സന്തതികൾ 15 നിരപരാധികളെ ഇതര മതസ്ഥരായതിനാൽ കൊന്നുതള്ളി. “രാജ്യത്തിനെതിരായ ഗുരുതര ഭീകരാക്രമണം’’ എന്നാണ് ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അപലപിച്ചത്.
പക്ഷേ, അദ്ദേഹം ഒരു ഹീറോയുടെ പേരുകൂടി പ്രഖ്യാപിച്ചു- അഹമ്മദ് അൽ അഹമ്മദ്. മുമ്പൊരു തോക്കുപോലും ഉപയോഗിച്ചിട്ടില്ലാത്ത ആ സഹോദരൻ പാഞ്ഞെത്തി തീവ്രവാദിയെ കീഴ്പെടുത്തിയതുകൊണ്ടാണ് കൂടുതൽ ആളുകൾ കൊല്ലപ്പെടാതിരുന്നത്. അദ്ദേഹം ഓസ്ട്രേലിയയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ അഭിമാനമായിരിക്കുന്നു. അഹമ്മദ് അൽ അഹമ്മദിന്റെ മതം സംബന്ധിച്ച് സർക്കാർവൃത്തങ്ങൾ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഇയാൾ ലബനീസ് വംശജനായ ക്രൈസ്തവനാണെന്ന് റിപ്പോർട്ടുണ്ട്.
ഞായറാഴ്ച, യഹൂദ ആഘോഷമായ ‘ഹനൂക്ക’യുടെ ആദ്യദിനം ആഘോഷിക്കാൻ കടൽത്തീരത്തെത്തിയവർക്കു നേരേയാണ് പാക് വംശജരായ സാജിദ് അക്രവും മകൻ നവീദ് അക്രവും നിറയൊഴിച്ചത്. യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. 10 മിനിറ്റ് നീണ്ട വെടിവയ്പിൽ 15 നിരപരാധികളും പ്രത്യാക്രമണത്തിൽ 50 വയസുകാരനായ ഭീകരൻ സാജിദും കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെയാണ് ആയിരങ്ങൾ പകച്ചുനിൽക്കേ, സമീപത്തെ കാറിന്റെ മറയത്തുനിന്നു പാഞ്ഞെത്തിയ അഹമ്മദ് അൽ അഹമ്മദ്, നവീദിനെ പിന്നിൽനിന്നെത്തി കീഴടക്കിയത്. തോക്ക് പിടിച്ചുവാങ്ങിയ അദ്ദേഹം തീവ്രവാദിയോടു കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ വെടിയേറ്റ അഹമ്മദിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തീവ്രവാദിയെ കീഴ്പെടുത്തുന്നതിന്റെ 15 സെക്കൻഡ് വീഡിയോ വൈറലായതോടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ‘ഓസ്ട്രേലിയയുടെ ഹീറോ’ എന്ന് അഭിസംബോധന ചെയ്തത്. 10 വർഷത്തിലേറെയായി പഴം, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് സിറിയക്കാരനായ അഹമ്മദ്. രണ്ടു മക്കളുടെ പിതാവായ നാല്പത്തിമൂന്നുകാരൻ ആശുപത്രിയിലാണെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയ ഫണ്ടിലേക്ക് രണ്ടു മണിക്കൂറിനകം എത്തിയത് ഒന്നേകാൽ കോടി രൂപയാണ്.
മതേതര രാജ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി ഇസ്ലാമിക തീവ്രവാദത്തിന്റെ തനിനിറം തിരിച്ചറിയുകയാണ്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പാക്കി. തീവ്രവാദികൾ ലോകമെങ്ങും മുസ്ലിം സമൂഹത്തെ സംശയനിഴലിലാക്കുകയും ചെയ്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യഹൂദർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പ് അപൂർവമാണ്.
ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചതിനൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ നയങ്ങളെ വിമർശിക്കുകയും ചെയ്തു. ആൽബനീസിന്റെ നയങ്ങൾ യഹൂദവിരുദ്ധതയുടെ അഗ്നിയിൽ എണ്ണ പകരുന്നതാണെന്ന് താൻ അദ്ദേഹത്തിനെഴുതിയിരുന്നതായി നെതന്യാഹു ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. നേതാക്കൾ നിശബ്ദരും നിഷ്ക്രിയരുമാകുന്നിടത്ത് യഹൂദവിരുദ്ധത അർബുദംപോലെ പടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്നി സംഭവം ആഗോള തീവ്രവാദത്തെ വീണ്ടും ചർച്ചയ്ക്കെടുത്തിരിക്കുകയാണ്. പാക്കിസ്ഥാനിൽനിന്നെത്തിയ പിതാവും മകനും എന്തിനാണ് നിരപരാധികളെ വധിച്ചത്? പൈതൃകമായി തീവ്രവാദികൾ കൊണ്ടുനടക്കുന്ന വംശവെറിയുടെ ഭാഗമായ ഇതരമതവിദ്വേഷം മാത്രം. സിഡ്നിയിലെ ഇരകൾ യഹൂദരായിരുന്നു എന്നേയുള്ളൂ.
ലോകത്തെ ഭീകരപ്രസ്ഥാനങ്ങളിൽ ഏതാണ്ട് എല്ലാംതന്നെ ഇസ്ലാമികഭരണം ലോകത്തു കൊണ്ടുവരാൻ ശ്രമിക്കുന്നവയാണ്. 1979നും 2024നും മധ്യേ ഭീകരാക്രമണങ്ങളിലേറെയും നടത്തിയത് താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, അൽ-ഷബാബ്, അൽ-ക്വയ്ദ എന്നീ അഞ്ചു ഗ്രൂപ്പുകളാണ്. 2024ലെ ഗ്ലോബൽ ടെററിസം ഇൻഡെക്സിൽ ഹമാസും സ്ഥാനമുറപ്പിച്ചു. പലസ്തീൻ വിഷയത്തിന്റെ മുഖംമൂടിക്കു പിന്നിൽ അവർ ഒളിച്ചുവച്ച, ക്രിസ്ത്യാനികളും യഹൂദരുമില്ലാത്ത ഇസ്ലാമിക ലോകക്രമം- ഇസ്ലാമിക് സ്റ്റേറ്റ് പരസ്യമായി ലക്ഷ്യമിടുന്നതുതന്നെയാണ്.
വൈകിയെങ്കിലും ഓസ്ട്രേലിയ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മൊറോക്കോ, ഈജിപ്ത്, സിറിയൻ തീവ്രവാദികളെ കഴിഞ്ഞദിവസം ജർമൻ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലും ഇസ്ലാമോഫോബിയ ബഹളത്തിനൊപ്പം നുഴഞ്ഞുകയറി നടക്കുന്ന ഭീകരവാദത്തെ വേർതിരിച്ചറിയുക ദുഷ്കരമാണ്.
പക്ഷേ, ശ്രമം ഉപേക്ഷിക്കാനാകില്ല. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞതുപോലെ, ഇത് അമേരിക്കയും ഭീകരവാദവും തമ്മിലുള്ള യുദ്ധമല്ല ജനാധിപത്യ-സ്വതന്ത്രലോകവും ഭീകരവാദവും തമ്മിലുള്ള യുദ്ധമാണ്. ഏതെങ്കിലും ഒരു പക്ഷത്തേ നിൽക്കാനാകൂ. സ്വന്തം ജീവൻ പണയം വച്ച് തീവ്രവാദിയെ കീഴ്പ്പെടുത്തിയ സിഡ്നിയിലെ അഹമ്മദിന്റെ വേഗത്തിൽ ഈ ശാപത്തെ കീഴടക്കിയേ തീരൂ.
