നെടുങ്കണ്ടം: ഭാര്യക്കും കുട്ടിക്കുമൊപ്പം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഓട്ടോ ഡ്രൈവറെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. താന്നിമൂട് സ്വദേശി മുല്ലശേരില്‍ ബിനു വിജയനാണ് (37) മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെ 11നായിരുന്നു സംഭവം.
ഡോക്ടറെ കണ്ടശേഷം ലാബിലേക്കു പോകുന്നതിനിടെ ആശുപത്രി സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന സുരേഷ് തങ്ങളോടു കയര്‍ക്കുകയും ആശുപത്രി പരിസരത്തുനിന്ന് ഓട്ടം എടുക്കാന്‍ എത്തിയതാണെന്നാരോപിച്ച് അസഭ്യം പറയുകയും ചെയ്തതായി ബിനു പരാതിയില്‍ പറയുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് നെറ്റിയില്‍ ഇടിക്കുകയും കൈവിരല്‍ കടിച്ചുമുറിക്കുകയും ചെയ്തെന്ന് ബിനു പറയുന്നു. കൂടാതെ കഴുത്തിന് കുത്തിപ്പിടിക്കുകയും നെഞ്ചിലും മുഖത്തും അടിക്കുകയും ഇടിക്കുകയും ചെയ്തു.
ഒപ്പം ഉള്ളത് ഭാര്യയും കുട്ടിയുമാണെന്നു പറഞ്ഞിട്ടും ആക്രമണം തുടര്‍ന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ബിനുവിനെ ആക്രണത്തില്‍നിന്നു രക്ഷപ്പെടുത്തിയത്. ബിനുവിന്റെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
