പേരൂര്‍ക്കട: ദമ്പതികളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാക്കളെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു. ആനയറ സ്വദേശി പ്രാവ് ഉണ്ണി എന്നുവിളിക്കുന്ന ഉണ്ണി (25), ചെന്നിലോട് സ്വദേശി വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. ഈമാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
ചെന്നിലോട് സ്വദേശികളായ ദമ്പതികളെയാണ് ഇരുവരും ആക്രമിച്ചത്. ചെന്നിലോട് ജംഗ്ഷനു സമീപം റോഡുവശത്തു നില്‍ക്കുകയായിരുന്നു പ്രതികള്‍. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഭാര്യയും ഭര്‍ത്താവും മൊബൈല്‍ഫോണില്‍ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നു.
ഇതിനിടെ ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവരില്‍ ഒരാള്‍ സ്വയം പ്രകോപനത്തില്‍ അസഭ്യം പറഞ്ഞു. ഇതു തങ്ങളെ പറഞ്ഞതാണെന്നു പ്രതികള്‍ തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പ്രതികള്‍ നല്കിയ മൊഴി കള്ളമാണെന്നും റോഡിലൂടെ നടന്നുപോയ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. യുവതിയെ യുവാക്കള്‍ ചേര്‍ന്ന് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യുന്നതിന് ഭര്‍ത്താവ് എത്തിയപ്പോള്‍ ഇവര്‍ യുവതിയുടെ ഭര്‍ത്താവിനെ അസഭ്യം പറഞ്ഞശേഷം മര്‍ദിക്കുകയായിരുന്നു. ഇതു പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഭാര്യക്കും യുവാക്കളുടെ മര്‍ദനമേല്‍ക്കുകയായിരുന്നു.
സംഭവത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതികളെ മെഡിക്കല്‍കോളജ് പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
