മിനിയുടെ വഴിവിട്ട ബന്ധം അമ്മായിയമ്മ കണ്ടു, കേബിള്‍ വയര്‍ കൊണ്ട് കഴുത്തു ഞെരിച്ചെങ്കിലും മരിക്കാതായതോടെ പുതിയ തന്ത്രം പുറത്തെടുത്തു, ഒടുവില്‍ മിനി കുടുങ്ങിയത് ഡോക്ടറുടെ സംശയത്തില്‍!

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. മാങ്കുളം വിരിപാറ മക്കൊന്പില്‍ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് ഇവരെ വീട്ടില്‍നിന്നും അറസ്റ്റുചെയ്തത്. അന്യപുരുഷനുമായി മിനിക്ക് ഉണ്ടായിരുന്ന അവിഹിതബന്ധം അറിയാനിടയായതാണ് അച്ചാമ്മയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

കഴിഞ്ഞയാഴ്ച വിരിപാറയിലെ വീട്ടില്‍വച്ച് പ്രതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അമ്മയെ മൂക്കില്‍നിന്ന് രക്തം വാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. മരുമകള്‍ മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളംവച്ച് മിനി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്താല്‍ മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയിലാക്കി. അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് മൂന്നാര്‍ സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മിനി അച്ചാമ്മയെ കേബിള്‍വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്.

ഏതാനും നാളുകളായി മാങ്കുളം പാമ്പുംകയം സ്വദേശിയുമായി മിനിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് പ്രശ്നങ്ങളിലെത്തിയത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് വീട്ടുകാര്‍ മിനിക്ക് ഇതുസംബന്ധിച്ച് താക്കീത് നല്‍കിയിരുന്നു. തുടര്‍ന്നും കാമുകനായ ബിജു വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവര്‍ തമ്മില്‍ നിത്യവും സംസാരിച്ചിരുന്നതായി മിനി സമ്മതിച്ചു. 26ന് വീട്ടില്‍ തനിച്ചുള്ള സമയത്ത് കാമുകനുമായി മിനി ഫോണില്‍ സംസാരിക്കുന്നത് അച്ചാമ്മ കേള്‍ക്കാനിടയായി. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ വളരെ നേരം ഇവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു.

ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് കാമുകന്റെ നിര്‍ദേശം അനുസരിച്ച് റേഡിയോ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിളുപയോഗിച്ച് അച്ചാമ്മയുടെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അച്ചാമ്മ മരിച്ചെന്ന് കരുതിയാണ് മിനി വീട്ടില്‍ തങ്ങിയത്. മരിച്ചില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാരെ വിളിച്ച് അച്ചാമ്മ വീണ് പരിക്കേറ്റെന്ന് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

Related posts