രാമങ്കരി:ഇരുവശവുമുള്ള കൈവരികൾ തകരുകയും സ്റ്റെപ്പുകൾ ഒടിഞ്ഞ് ബലക്ഷയം സംഭവിക്കുകയും ചെയ്തതോടെ ഏതു നിമിഷവും നിലംപതിച്ചേക്കാമെന്ന സ്ഥിതിയിലെത്തിയ പാലം കുഞ്ഞുകുട്ടികൾ അടക്കമുള്ളവരുടെ ജീവനു ഭീഷണിയാകുന്നു. പാലം നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നതായും ആക്ഷേപം.
മുട്ടാർ പഞ്ചായത്ത് 1,2, വാർഡുകളെയും ആലപ്പുഴ- ചങ്ങനാശേരി , മാന്പുഴക്കരി- എടത്വ തുടങ്ങിയ റോഡുകളെയും ബന്ധിപ്പിക്കുന്നതിനു പുറമെ മിത്രക്കരി, സെൻ്റ് സേവ്യേഴ്സ് ഹൈസ്കൂൾ, അമല നേഴ്സറി സ്കൂൾ, മുട്ടാർ പിഎച്ച് സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാട്ടുകാർക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള ഏക മാർഗം കൂടിയാണ് മിത്രക്കരി കണ്ണംകുളം പാലം.
കുട്ടനാട്ടിൽ റോഡുകൾ തീരെ ഇല്ലാതിരുന്നൊരു ഘട്ടത്തിൽ ജലഗതാഗതത്തെ മാത്രം ആശ്രയിച്ചു സഞ്ചാരം നടന്നിരുന്ന സമയത്ത് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ടുകൾ ഉൾപ്പെടെ കടന്നുപോകാൻ പാകത്തിൽ വളരെ ഉയരത്തിൽ നിരവധി സ്റ്റെപ്പുകളോടെ നിർമിച്ച പാലത്തിന് 30 വർഷത്തിനു മേൽ പഴക്കം വരുമെന്നാണ് കണക്കാക്കുന്നത്.
പാലത്തിൻ്റെ പഴക്കവും ബലക്ഷയവും അപകടസ്ഥിതിയും നാട്ടുകാരുടെ സഞ്ചാര സൗകര്യവും കൂടി കണക്കിലെടുത്ത് ഇവിടെ എത്രയും വേഗം പുതിയൊരു പാലം നിർമിക്കണമെന്നവാശ്യപ്പെട്ട് നാട്ടുകാർ പല പ്രാവശ്യം പരാതി നല്കിയെങ്കിലും തനത് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി പഞ്ചായത്ത് കൊയൊഴിയുന്ന നിലപാടാണ് മുൻകാലങ്ങളിൽ സ്വീകരിച്ചുവന്നതെന്നും പറയുന്നു.
പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്ന സാഹചര്യത്തിൽ ഇവിടെ വലിയ വാഹനങ്ങൾക്കുൾപ്പെടെ കടന്നുപോകാൻ പാകത്തിൽ പുതിയൊരു പാലം നിർമിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിനായി വാർഡംഗങ്ങളേയും മറ്റു സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉടനെ തന്നെ പുതിയൊരു പാലം സന്പാദക സമിതിക്ക് രൂപം നല്കാനും അതിന്റെ അടിസ്ഥാനത്തിൽ മറ്റു നടപടികൾ വേഗത്തിലാക്കുവാനുമുള്ള ആലോചനയിലാണ് നാട്ടുകാർ.
