കോന്നി: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഭക്ഷണം എത്തിക്കുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ചെങ്ങറ സമരഭൂമിയിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദിവാസി ഉന്നതികളിൽ താമസിക്കുന്നവർക്ക് പലപ്പോഴും റേഷൻ കടകളിൽ നേരിട്ട് എത്തി ഭക്ഷ്യ ധാന്യങ്ങൾ വാങ്ങുവാൻ സാധിക്കാതെ വരുന്നു. ഇതിന് ഒരു പരിഹാരമായാണ് സഞ്ചരിക്കുന്ന റേഷൻ കടകൾ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. പത്തനാപുരം ഗാന്ധിഭവൻ, മാജിക് പ്ലാനറ്റ്, സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങൾ എന്നിവടങ്ങൾ അടക്കം ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.
കിടപ്പു രോഗികൾക്ക് റേഷൻ കടകളിൽ പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒപ്പം എന്ന പദ്ധതിയിലൂടെ സാധനങ്ങൾ എത്തിക്കും.ദാരിദ്ര്യ മുക്ത കേരളം എന്ന സ്വപ്നം പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാലയളവിലാണ് ചെങ്ങറ സമരഭൂമിയിൽ റേഷൻ വിതരണം ഇല്ലായെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടത്. മുഖ്യമന്ത്രിയുടെ കൂടി പിന്തുണയോടെ തുടർ നടപടികൾ പൂർത്തീകരിച്ചു.
എആർഡി പതിനഞ്ചാം നമ്പർ റേഷൻ കട വാഹനത്തിൽ ഇവിടെ എത്തും. 35 മഞ്ഞ കാർഡുകളും 232 പിഎച്ച്എച്ച് കാർഡുകളും അടക്കം ആയിരത്തോളം അംഗങ്ങൾ സമര ഭൂമിയിൽ ഉണ്ട്. സംസ്ഥാനത്ത് അനർഹമായി കാർഡുകൾ കൈവശംവച്ചിരിക്കുന്നവർക്കെതിരേ സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നു. ആറര ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തു വരുന്നു. ഇപ്പോൾ താത്കാലിക വാഹനമാണ് ചെങ്ങറയിലേക്ക് ഉപയോഗിക്കുന്നത്.
ഇതിനായി പുതിയ വാഹനം എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി. ആർ. ഗോപിനാഥൻ, സിപിഐ കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാർ, ജില്ലാ സപ്ലെ ഓഫീസർ ജി.എസ്. ഗോപകുമാർ, കോന്നി താലൂക്ക് സപ്ലെ ഓഫീസർ ഹരീഷ് കെ. പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
