കൊച്ചി: മണി ചെയിന്‍ മാതൃകയില്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണം.കേസുമായി ബന്ധപ്പെട്ട് ലിബര്‍ട്ടാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാലക്കാട് ആലത്തൂര്‍ ആശാന് പറമ്പില്‍ സ്റ്റാന്‍ലി സൈമണ്‍ (47), കമ്പനിയുടെ പാട്ണറും ഇയാളുടെ ഭാര്യയുമായ സീനത്ത് സ്റ്റാന്‍ലി (40), മാര്‍ക്കറ്റിംഗ് ആന്‍ഡ് ഔട്ട്റീച്ച് വിഭാഗം ഡയറക്ടര്‍ തിരുവനന്തപുരം പേരൂര്‍ക്കട വി.വി. നഗര്‍ അനുഗ്രഹയില്‍ പി.രമേശ് (51), ജീവനക്കാരന് പാലക്കാട് പഴമ്പാലക്കാട് ഇല്ലിക്കല്‍ ശിവദാസന്‍ (49) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശിയില്‍ നിന്ന് 56, 91,000 രൂപയാണ് സംഘം തട്ടിയെടുത്തത്.
വ്യാജരേഖ ചമച്ചു
2021 മേയില്‍ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ പരാതിക്കാരനെ നേരില്‍ കണ്ട് ക്രിപ്റ്റോ കറന്‍സിയില്‍ ഈ സ്ഥാപനം മുഖേന നിക്ഷേപം നടത്തിയാല്‍ മൂന്നു ശതമാനം മുതല്‍ എട്ടു ശതമാനം വരെ ലാഭവും കൂടുതല്‍ അംഗങ്ങളെ ഈ പദ്ധതിയുടെ ഭാഗമാക്കിയാല്‍ 10 ശതമാനം വരെ ലാഭവും വാഗ്ദാനം ചെയ്യുകയായിരുന്നു.
2021. സെപ്റ്റംബര്‍ 5 മുതല്‍ 2023 മാര്‍ച്ച് നാലു വരെ വിവിധ തീയതികളിലായി പരാതിക്കാരനില്‍ നിന്ന് 56, 91,00 രൂപ തട്ടിയെടുത്തു. പരാതിക്കാരന്റെ വിശ്വാസം നേടാനായി സ്റ്റാന്‍ലി സൈമണ്‍ ഈ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് ഉണ്ടെന്ന് കാണിക്കാനായി സമാന രീതിയിലുള്ള വ്യാജ രേഖകള്‍ കാണിച്ചു. എന്നാല്‍ ലാഭമോ വാഗ്ദാനം ചെയ്ത പണമോ ലഭിക്കാതെ വന്നതോടെയാണ് പാലക്കാട് സ്വദേശി പോലീസില്‍ പരാതി നല്‍കിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട്ടിലുമായി സ്റ്റാന്‍ലി സൈമണിന്റെ പേരില്‍ വഞ്ചനാക്കുറ്റത്തിന് 19 ഓളം കേസുകളുണ്ട്. പത്തനംതിട്ട, വാളയാര്‍ പോലീസ് സ്റ്റേഷനുകളില്‍ സീനത്തിന്റെ പേരിലും കേസുണ്ട്. കഴിഞ്ഞ നാലു മാസമായി പോലീസ് സംഘം ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു.
500 കോടിയിലേറെ രൂപ തട്ടിയെടുത്തതായി സൂചന
കഴിഞ്ഞ ദിവസം എറണാകുളം കലൂരിലെയും പാലക്കാടിലെയും ഇവരുടെ ഓഫീസുകളില്‍ പോലീസും ഇന്‍കംടാക്സ് അധികൃതരും ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ നടത്തിയ റെയഡില്‍ 500 കോടി രൂപയുടെ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പിടിച്ചെടുക്കുകയുണ്ടായി. സെബിയുടെയും റിസര്‍വ് ബാങ്കിന്റേയും അനുമതിയില്ലാതെ വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചതിന് തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്റ്റാന്‍ലി സൈമണിന്റെ അക്കൗണ്ടിലേക്ക് അഞ്ചു കോടി രൂപയാണ് എത്തിയത്. ഇതിലെല്ലാം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്റ്റാന്‍ലി, രമേശ്, ശിവദാസന്‍ എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സീനത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ ഐപിസി, ബിഎന്‍എസ് വകുപ്പുകള്‍ക്ക് പുറമെ, ബാനിംഗ് ഒഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം ആക്റ്റും ചുമത്തി.
കൂട്ടാളികള്‍ക്കായി അന്വേഷണം
സ്റ്റാന്‍ലിയുടെ മകള്‍ ജെന്നിഫര്‍, ലിബര്‍ട്ടാസ് ബ്ലോക്ക്ചെയിന്‍ അസോസിയേറ്റുകളായ ജൂഡിറ്റ്, വന്ദോ തിമോത്തി എന്നിവരും കേസില്‍ പ്രതികളാണ്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം നോര്‍ത്ത് എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
