ബാഗ്പതിലെ വികാസ് ഭവനിൽ നടന്ന കർഷക സമ്പർക്ക പരിപാടിയിൽ അപ്രതീക്ഷിതമായി ഒരു ‘അതിഥി’ എത്തി. വന്നയാളെക്കണ്ടതോടെ മീറ്റിംഗിൽ പങ്കെടുക്കാൻ വന്നവരെല്ലാം ഒന്നടങ്കം ഞെട്ടിപ്പോയി. വന്നതാ ആരെന്നല്ലേ! ഒരു കുട്ടിക്കുരങ്ങൻ. ബാക്കി എല്ലാവരും പേടിച്ച് പിന്നോട്ട് മാറിയിട്ടും ഒരാൾ മാത്രം യാതൊരു കൂസലുമില്ലാതെ അവിടെത്തന്നെ നിന്നു. ജില്ലാ കളക്ടർ അസ്മിത ലാൽ. കുട്ടിക്കുരങ്ങൻ ചാടി മേശപ്പുറത്ത് ഇരുന്നതും കളക്ടർ അവനോട് വരൂ… ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞു. ഉടൻതന്നെ കുരങ്ങൻ കസേരയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം.
മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയ മറ്റെല്ലാവർക്കും കുരങ്ങനെ കണ്ട് ഭയന്നെങ്കിലും കളക്ടർക്കും അവിടുത്തെ ദീവനക്കാർക്കും തെല്ലും പേടി ഉണ്ടായിരുന്നില്ല. കാരണം അവിടുത്തെ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ഇവൻ വെറുമൊരു കുരങ്ങനല്ല; ‘മാതൃ’ എന്ന് വിളിക്കുന്ന ഇവൻ കളക്ടറേറ്റ് പരിസരത്തെ സ്ഥിരം സാന്നിധ്യമാണ്. ഇവിടുത്തെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മാതൃയെ നന്നായറിയാം. അവന് അവരേയും…
ഇത് ആദ്യമായല്ല മാതൃ വാർത്തകളിൽ നിറയുന്നത്. രണ്ടു മാസം മുൻപ് നടന്ന ഒരു കർഷക സമരത്തിനിടയിലും ഇവൻ ശ്രദ്ധാകേന്ദ്രമായിരുന്നു. ഭാരതീയ കിസാൻ യൂണിയൻ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനായി കളക്ടറേറ്റിൽ ധർണ നടത്തുന്ന സമയത്ത്, അവരെ നേരിൽ കാണാൻ കളക്ടർ അസ്മിത ലാൽ എത്തിയിരുന്നു.
അന്ന് കർഷകർക്കൊപ്പം പ്രതിഷേധ സ്ഥലത്ത് മാതൃയുമുണ്ടായിരുന്നു. കുരങ്ങനെ കണ്ടതും പ്രോട്ടോക്കോൾ മാറ്റിവെച്ച് കളക്ടർ നിലത്തിരുന്ന് അവനോടൊപ്പം കളിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. ആ പഴയ ചങ്ങാത്തമാണ് ഇപ്പോൾ മീറ്റിംഗ് ഹാളിലും അരങ്ങേറിയത്.
