തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട് തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിട്ടതിനെത്തുടര്ന്നാണ് വീടു തകര്‍ന്നത്. അമയല്‍തൊട്ടി നരിതൂക്കില്‍ ജോണി ആന്റണിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.
ഈ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ജോണിയും ഭാര്യയും വിദേശത്തുനിന്നു നാട്ടിലെത്തിയ മകന്റെ വീട്ടിലായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. വലിയതോതില്‍ കാട്ടാന ഭീഷണി നിലനില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.സമീപത്തുള്ള ഫെന്‍സിംഗ് തകര്‍ത്ത് കൃഷിയിടത്തില്‍ പ്രവേശിക്കുന്നതിനായി ആന മരം മറിച്ചിട്ടതായാണ് കരുതുന്നത്.
മരം വീണ് വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാനക്കൂട്ടം പിന്‍വാങ്ങിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെങ്കിലും ഇതിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുകയും സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെനിന്ന് അരക്കിലോമീറ്റര്‍ ദൂരത്താണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായ പ്രദേശം.
മരം വീഴുന്ന വലിയ ശബ്ദം കേട്ടെങ്കിലും ഭീതിമൂലം ആളുകള്‍ പുറത്തിറങ്ങിയില്ല. നേരം പുലര്‍ന്നതിനുശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീട് തകര്‍ന്നതായി കണ്ടത്.കഴിഞ്ഞ ഡിസംബറില്‍ ഡെയ്ഞ്ചര്‍ പെറ്റീഷന് സ്കീമില്‍ ഉള്‍പ്പെടുത്തി അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മുള്ളരിങ്ങാട് റേഞ്ച് ഓഫീസില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് കോതമംഗലം ഡിഎഫ്ഒ സുരജ് ബെന്‍, തലക്കോട് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം, മെംബര്‍മാരായ ഷാമിന ഹബീബ്, ടി.യു. ജോസ്, ജിജോ ജോസഫ് അടക്കമുള്ള ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണി നടത്തി നല്‍കാമെന്ന് വനം ഉദ്യോഗസ്ഥര്‍ രേഖാമൂലം ഉറപ്പു നലകിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഫണ്ടില്‍നിന്നു നഷ്ടപരിഹാരം ലഭിക്കുന്നതിനായി കത്ത് നല്‍കാമെന്നും അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കാമെന്നും ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തില്‍നിന്നും താത്കാലികമായി പിന്മാറുകയായിരുന്നു.
ഫെന്‍സിംഗ് തകര്‍ത്ത് ജനവാസമേഖലയില്‍ തങ്ങുന്ന കാട്ടാനയെ ഉടന്‍ തുരത്താനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.ആനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിക്കും.
