യാങ്കോൺ: ചൈനീസ് അതിർത്തിയോടു ചേർന്നുള്ള വടക്കൻ മ്യാൻമറിലെ നാംഖാം ടൗൺഷിപ്പിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അന്പതായി. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. പ്രാദേശിക മാധ്യമങ്ങളാണ് മരണം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. പരിക്കേറ്റ നൂറിലേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിർ പലരുടെയും നില ഗുരുതരമായി തുടരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കൗങ്തുപ് ഗ്രാമത്തിലെ കെട്ടിടത്തിൽ ഇന്നലെ ഉച്ചയോടെയാണു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നൂറിലധികം വീടുകൾ തകർന്നു. ചില വീടുകൾ പൂർണമായും നിലംപൊത്തി. പ്രദേശം മുഴുവൻ അവശിഷ്ടങ്ങളാൽ നിറഞ്ഞ നിലയിലാണ്.
തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ഇന്നലെ രാത്രി വൈകിയും തുടർന്നു.പാറ പൊട്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് സ്ഫോടനത്തിനു കാരണമെന്ന് പ്രദേശത്തിന്റെ നിയന്ത്രണമുള്ള വംശീയ സായുധ ഗ്രൂപ്പായ തആങ് നാഷണൽ ലിബറേഷൻ ആർമി (ടിഎൻഎൽഎ) സ്ഥിരീകരിച്ചു.
