രാമങ്കരി: നെല്ല് സംഭരണം കൂടുതൽ ഊർജിതമാക്കാത്തതിലും മില്ലുകാർ കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നതിലും പ്രതിഷേധിച്ച് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഉൾപ്പെടെയുള്ള നിയമസഭാസ്ഥാനാർത്ഥികളെ കർഷകർ മങ്കൊന്പ് പാഡി മാർക്കറ്റിംഗ് ഓഫീസിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചു. പ്രശ്നത്തിന് പരിഹാരം കണ്ടിട്ട് മാത്രം നിങ്ങൾ പോയാൽ മതിയെന്നും ഇവർ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കർഷകർ പാഡിമാർക്കറ്റിംഗ് ഓഫീസ് ഉപരോധിക്കുന്നുവെന്ന വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എംഎൽഎ തോമസ് കെ. തോമസ്, റെജി ചെറിയാൻ, സന്തോഷ് ശാന്തി, എസ്യുസിഐ സ്ഥാനാർത്ഥി പി. കെ. ശശി എന്നിവർ. തുടർന്ന് ഇവർ കർഷക പ്രതിനിധികളുമായും പാഡിമാർക്കറ്റിംഗ് ഓഫീസറുമായും ചർച്ച നടത്താനും പരിഹാരം കാണാനും ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പിന്നെ എംഎൽഎ തോമസ് കെ. തോമസ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മില്ലുകാരുടെയും കർഷക പ്രതിനിധികളുടെയും ഒരു യോഗം ഉടനെ തന്നെ ഓൺലൈനായി കൂടാമെന്നും പ്രശ്നത്തിന് പരിഹാരം കാണാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി എംഎൽഎ അറിയിച്ചെങ്കിലും ഇതൊക്കെ വെറും തട്ടിപ്പാണന്ന് പറഞ്ഞ് കർഷകർ അതിന് വഴങ്ങാൻ തയ്യാറായില്ല.
ചർച്ച ഫലം കാണാതെ വന്നതിനെ തുടർന്ന് യുഡിഎഫ് പ്രവർത്തകരും കർഷകരും ചേർന്ന് പിന്നീട് എസി റോഡ് ഉപരോധിക്കാനും തയ്യാറായി. ഇവരെ പിന്നീട് പുളിങ്കുന്ന് പോലീസ് സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത് . പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്ത പക്ഷം സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രചാരണപ്രവർത്തനങ്ങളുൾപ്പെടെ തടഞ്ഞുകൊണ്ട് ശക്തമായ സമരത്തിന് തങ്ങൾ തയ്യാറാകുമെന്നും കർഷകർ മുന്നറിയിപ്പുനല്കി.
കുട്ടനാട്ടിൽ കൊയ്ത്ത് വ്യാപകമായിട്ട് ഇപ്പോൾ ദിവസങ്ങൾ കഴിഞ്ഞു. കൊയ്ത്ത് കഴിഞ്ഞാൽ നെല്ലിന് ദിവസങ്ങളോളം കാവലിരിക്കേണ്ട ഗതികേടിലാണ്കർഷകർ. എന്നുമാത്രമല്ല ചുട്ടുപൊള്ളുന്ന ചൂടിലും മിക്ക സ്ഥലത്തും മില്ലുകാർ നാലുകിലോയ്ക്ക് മുകളിലാണ് കിഴിവ് ആവശ്യപ്പെടുന്നത്.
ഇങ്ങനെ മില്ലുകാരും മറ്റുള്ളവരും ചേർന്ന് കുട്ടനാട്ടിലെ കർഷകരെ കോടിക്കണക്കിന് രൂപയ്ക്കാണ് ഓരോ വർഷവും കൊള്ളയടിക്കുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകു എന്നും ഇവർ ആവശ്യപ്പെട്ടു.
