ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിലേക്കു നടന്ന നിർണായക തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാതെ ഫലം ഇഞ്ചോടിഞ്ചു പോരാട്ടത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന ഭരണപക്ഷ സഖ്യം നേരിയ മുൻതൂക്കം നേടിയിട്ടുണ്ട്. എങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ആർക്കും ലഭിക്കില്ലെന്നു വ്യക്തമായിക്കഴിഞ്ഞു.
55 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യം 55 സീറ്റിലും പ്രതിപക്ഷ സഖ്യം 49 സീറ്റിലും മുൻതൂക്കം നേടിയിട്ടുണ്ട്. ജോയിന്റ് ലിസ്റ്റും റആമും അടങ്ങുന്ന അറബ് പാർട്ടികൾ 15 -16 സീറ്റിൽ മുന്നിലാണ്. സർക്കാർരൂപീകരണത്തിൽ ഇവരുടെ നിലപാട് നിർണായകമാകും.
സൈനികരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഉൾപ്പടെയുള്ള വോട്ടുകൾ അടങ്ങിയ ഇരട്ട എൻവലപ്പുകളിലെ വോട്ടെണ്ണൽ അവസാനിക്കുന്നതോടെ നാളെയോ വെള്ളിയാഴ്ചയോ മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തപക്ഷം ഇസ്രയേൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു നീങ്ങുമോ അതോ ഐക്യസർക്കാർ രൂപീകരിക്കപ്പെടുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ ‘ലിക്കുഡ്’ പാർട്ടി 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്. പ്രതിപക്ഷനിരയിലെ പ്രമുഖ കക്ഷിയായ ‘യാഷാർ’ 21 സീറ്റുകളിൽ മുന്നിലാണ്.
3.25 ശതമാനം വോട്ട് പരിധി തികയ്ക്കാൻ കഴിയാത്തതിനാൽ ചില ചെറു വലതുപക്ഷ പാർട്ടികൾ പാർലമെന്റിൽനിന്നു പുറത്താകാൻ സാധ്യതയേറി.
ഇത്തവണ രേഖപ്പെടുത്തിയത് 77.7 ശതമാനം പോളിംഗാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 7.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ശക്തമായ വലതുപക്ഷ സർക്കാർ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് ഇറാന്റെ ഭീഷണിക്കെതിരേ പ്രവർത്തിക്കാനുള്ള ചരിത്രപരമായ അവസരമാണ് മുന്നിലുള്ളതെന്നും അവകാശപ്പെട്ടു. നെതന്യാഹുവിന്റെ തിരിച്ചുവരവിന് കാരണം തന്റെ പിന്തുണയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
പ്രാരംഭ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നയുടൻതന്നെ നെതന്യാഹുവിന്റെ ഭരണം അവസാനിച്ചെന്നും തങ്ങൾ വിജയം വരിച്ചെന്നും പ്രതിപക്ഷനേതാക്കളായ ഗാദി ഐസൻകോട്ടും യായീർ ലാപിഡും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്കു കടക്കുമ്പോൾ ചിത്രം കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
യുദ്ധക്കെടുതികൾക്ക് നടുവിലും റിക്കാർഡ് പോളിംഗ്
ടെൽ അവീവ്: മൂന്ന് വർഷത്തോളമായി തുടരുന്ന യുദ്ധങ്ങൾക്കും ആഭ്യന്തര ഭിന്നതകൾക്കും ശേഷം രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ റിക്കാർഡ് പോളിംഗുമായി ഇസ്രയേൽ ജനത. ഒക്ടോബർ ഏഴിലെ അൽ അക്സ ആക്രമണത്തിനും തുടർന്നുണ്ടായ യുദ്ധങ്ങൾക്കും ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ, എല്ലാ രാഷ്ട്രീയ-സാമൂഹിക ഭിന്നതകളും മറന്ന് ദശലക്ഷക്കണക്കിന് പൗരന്മാരാണ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത്.
1973-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ 44.9 ശതമാനം (30 ലക്ഷത്തിലധികം ആളുകൾ) വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം 4 മണിയോടെ ഇത് 55.7 ശതമാനമായി ഉയർന്നു.
ഒക്ടോബർ ഏഴ് ആക്രമണം, ഗാസ-ഇറാൻ യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധി, സൈനിക സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവയാൽ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും, രാജ്യത്തിന്റെ ഭാവി സ്വയം തീരുമാനിക്കുമെന്ന ഇസ്രായേലികളുടെ ഉറച്ച നിലപാടാണ് ഉയർന്ന പോളിംഗിലൂടെ വ്യക്തമായത്.
അറബ് പൗരന്മാർ, ഹരേദി (തീവ്ര ഓർത്തഡോക്സ്) വിഭാഗക്കാർ, കുടിയേറ്റക്കാർ, സൈനികർ, തീരദേശവാസികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളായി. ചിലയിടങ്ങളിൽ ബാലറ്റ് പേപ്പറുകൾ കാണാതായതിനെയും കേടുപാടുകൾ സംഭവിച്ചതിനെയും കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി വ്യക്തത വരുത്തുമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.
എക്സിറ്റ് പോൾ കണക്കുകൾ
ജറുസലേം: ഇസ്രയേൽ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
ഇസ്രയേലിലെ പ്രമുഖ മാധ്യമങ്ങളായ ചാനൽ 12, കാൻ 11, ചാനൽ 13 എന്നിവ പുറത്തുവിട്ട എക്സിറ്റ് പോൾ കണക്കുകൾ പ്രകാരം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 52 മുതൽ 53 വരെ സീറ്റുകൾ ലഭിക്കാനാണ് സാധ്യത. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 50 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. അറബ് പാർട്ടികൾക്ക് 17 മുതൽ 18 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോൾ കണക്കുകൾ വ്യക്തമാക്കുന്നു.
120 അംഗങ്ങളുള്ള പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ 61 പേരുടെ പിന്തുണ ആവശ്യമാണ്. അതിനാൽ അന്തിമ ഫലവും വിവിധ പാർട്ടികൾ തമ്മിലുള്ള സഖ്യനീക്കങ്ങളും സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. തെരഞ്ഞെടുപ്പിൽ 74 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണങ്ങൾക്കുശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
