അമ്പലപ്പുഴ: നവകേരളമുണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന പരിഹാസവുമായി ജി. സുധാകരൻ. 1956 നവംബർ ഒന്നിനാണ് നവ കേരളമുണ്ടായത്. കമ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാർക്കുമില്ലെന്നും സുധാകരൻ പുന്നപ്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു.
ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്നുതന്നെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയിൽ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്. ചെങ്ങന്നൂർ മണ്ഡലത്തിൽ അഞ്ചു പഞ്ചായത്തുകളാണ് സജി ചെറിയാൻ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഎമ്മിന് രണ്ടായി ചുരുങ്ങി. സജി ചെറിയാൻ പറഞ്ഞിട്ടാണ് ഗോപകുമാറിനെ ബിജെപി സ്ഥാനാർഥിയാക്കിയത്.
ശ്രീധരൻപിള്ളയായിരുന്നെങ്കിൽ വിജയിച്ചേനെ. ജില്ലയിൽ പാർട്ടി പ്രവർത്തകരെ അണി നിരത്താൻ കഴിയുന്ന ഒരു നേതാവുമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് അന്നുതന്നെ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതാണ്. എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്ന് പറയണം. ആര് എന്തിന് ചെയ്തുവെന്ന് അറിയണ്ടേ.
സിപിഎം ഇനി കേരളത്തിൽ വളരില്ല. പടുകുഴിയിലേക്കു പോകുന്ന സിപിഎമ്മിനെ കൈപിടിച്ചുയർത്താൻ കഴിയുന്ന ഒറ്റ നേതാവില്ല. താഴെ മുതൽ പൊളിറ്റിക്കൽ ക്രിമിനലിസം വളരുന്നു. തന്നെ പടുകുഴിയിൽ ചവിട്ടിത്താഴ്ത്തുമെന്ന് പറയുന്നതിനു പകരമാണ് മുഖ്യമന്ത്രി ആ വാക്ക് ഉപയോഗിച്ചത്. പിണറായി വിജയൻ ഇന്നുവരെ കുട്ടനാട്ടിലെ വയൽവരമ്പത്തു കൂടി നടന്നിട്ടുണ്ടോ എന്നും സുധാകരൻ ചോദിച്ചു.
