സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന താരമാണ് നോറ ഫത്തേഹി. താൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. രൺവീർ അലഹബാദിയയ്ക്ക് നല്കിയ പഴയ ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ച് താൻ പങ്കുവച്ച അഭിപ്രായങ്ങൾ ഒരു വിഭാഗം ജനങ്ങളെ ചോടിപ്പിക്കുകയും ഓൺലൈനിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയും ചെയ്തെന്ന് നോറ പറഞ്ഞു.
അതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം. ആളുകൾ അതിന്റെ പശ്ചാത്തലം മറന്നു കളഞ്ഞുവെന്നും താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കുകയും ചെയ്തു എന്ന് നോറ പറഞ്ഞു. ഒരു മാതൃകാപരമായ കുടുംബത്തിന്റെ അഭാവം തന്നെ വല്ലാതെ അലട്ടാറുണ്ടെന്നും നോറ വെളിപ്പെടുത്തി. മാതാപിതാക്കൾ രണ്ടുപേരും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടി ഇപ്പോഴും എന്നിലുണ്ട്. . ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്ന വൈകാരിക ആഘാതങ്ങൾ മുതിർന്നവരാകുമ്പോഴും വ്യക്തികളിൽ തന്നെ തുടരുമെന്നും നോറ കൂട്ടിച്ചേർത്തു.
ഒരു സ്ത്രീക്ക് എല്ലാമാകാൻ കഴിയുമെങ്കിൽ, പുരുഷന്മാരും ഉത്തരവാദിത്തബോധമുള്ളരാകേണ്ടത് പ്രധാനമാണെന്ന് നോറ സൂചിപ്പിച്ചു. അങ്ങനെയുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. നമുക്ക് ആരെയും ആവശ്യമില്ല എന്ന രീതിയാണ് ഇപ്പോൾ സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് നമുക്ക് കാര്യങ്ങൾ പരസ്പരം പങ്കിടാൻ കഴിയാത്തത്? എന്നും നോറ ചോദിച്ചു.
രണ്വീർ അല്ലാബാദിയയുമായുള്ള അഭിമുഖത്തിനിടെ ഫെമിനിസത്തെക്കുറിച്ച് നോറ തുറന്നു സംസാരിച്ചിരുന്നു. എനിക്ക് ആരെയും ആവശ്യമില്ല എന്ന ചിന്താഗതി നമ്മുടെ സമൂഹത്തെ പൂർണമായും നശിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ എനിക്ക് വിശ്വാസമില്ല എന്ന പരാമർശം കാട്ടുതീ പോലെ പടരുകയും വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും നെഗറ്റീവ് പ്രതികരണങ്ങൾക്കും വഴിവെക്കുകയും ചെയ്തിരുന്നു.
