കൊച്ചി: പെരുമ്പാവൂരില്‍ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. തായ്ലന്ഡില് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വൈപ്പിന്‍ ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരാണ് ഇന്നലെ പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്. ഹോള്‍സെയില്‍ ഡീലര്‍മാരായ പ്രതികള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയയാളെ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പെരുമ്പാവൂര്‍ മാറമ്പള്ളിയില്‍ വച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുകയുമായിരുന്നു.
