അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം ! ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്; വേടനെ പിന്തുണച്ചതില്‍ മാപ്പു ചോദിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ മാപ്പു ചോദിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷിച്ചത്.

പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ…

‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്.

താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്.

അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍ ആ ലൈക്ക് പിന്‍വലിച്ചു.

എനിക്ക് തെറ്റുപറ്റി. മാപ്പ് നല്‍കേണ്ടതുണ്ടോ എന്നതും ചൂഷണത്തിന്റെ ആഘാതത്തില്‍ നിന്നും എങ്ങനെ മുക്തി നേടണമെന്നതും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ചൂഷണം നേരിട്ടവര്‍ക്ക് മാത്രമുള്ളതാണ്.

ഞാന്‍ എപ്പോഴും അവര്‍ക്കൊപ്പം മാത്രമാണ് നില്‍ക്കുന്നത്. നിങ്ങളെ പിന്തുണച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

മുമ്പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച നീളന്‍ കുറിപ്പിലൂടെയാണ് വേടന്‍ താന്‍ തെറ്റു ചെയ്തതായി സമ്മതിച്ചത്. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ കുറിപ്പില്‍ ഒട്ടും ആത്മാര്‍ഥതയില്ലെന്നായിരുന്നു ഇയാള്‍ക്കെതിരേ ആരോപണം ഉന്നയിച്ചവരുടെ പ്രതികരണം. വേടന്റെ പോസ്റ്റ് ലൈക്ക്
ചെയ്ത പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നടി ലൈക്ക് പിന്‍വലിച്ചതും മാപ്പു പറഞ്ഞതും.

Related posts

Leave a Comment