ചെറുതോണി: ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കേരളത്തിൽനിന്നു തമിഴ്നാട്ടിൽ വിളിച്ചുവരുത്തി തിയറ്ററിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ 25കാരനായ യുവാവിന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ഡി.എസ്. നോബലാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് കോടതി ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിക്കു ജോലി വാഗ്ദാനം നൽകുകയും പെൺകുട്ടി തനിച്ച് ബസിൽ കയറി തിരുപ്പൂരിലേക്കു പോകുകയുമായിരുന്നു. അവിടെയുള്ള ആൾത്തിരക്ക് കുറഞ്ഞ തിയറ്ററിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായ വിവരത്തിനു പിതാവ് നൽകിയ പരാതിയിന്മേൽ മറയൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുട്ടിയെ തിരുപ്പൂരിൽനിന്ന് കണ്ടെത്തുകയായിരുന്നു.
35 സാക്ഷികളെയും 41 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പിഴ ഒടുക്കുന്ന പക്ഷം തുക പെൺകുട്ടിക്കു നൽകണമെന്നും അല്ലാത്തപക്ഷം ഒരു വർഷം അധികതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അഥോററ്റിയോട് കോടതി ശിപാർശ ചെയ്തു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.
