പത്തനംതിട്ട: അടൂരിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദ് ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രിയാണ് അടൂർ പോലീസ് ഇയാളെ പിടികൂടിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ ആദ്യ സംഭവം . യുവതി പതിവായി വിളിക്കാറുള്ള ഇയാളുടെ ഓട്ടോറിക്ഷ സ്വന്തം വീട്ടിലേക്ക് പോകാനായി തെരഞ്ഞെടുക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ ലൈസൻസ് എടുക്കാൻ മറന്നുപോയി എന്ന് കള്ളം പറഞ്ഞ് പ്രതി യുവതിയെ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ വച്ച് ലഹരി കലർന്ന ജ്യൂസ് നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. ഇതിനിടെ പ്രതിയുടെ ഭാര്യയോട് യുവതി ഇക്കാര്യം തുറന്നുപറഞ്ഞു.
ഇതിൽ പ്രകോപിതനായ പ്രതി കഴിഞ്ഞ മാസം വീണ്ടും ക്രൂരമായി പെരുമാറി. ഇയാളുടെ തന്നെ ടാങ്കർ ലോറിയിൽ യുവതിയെ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. ഈ അക്രമ സംഭവത്തിന് ശേഷം ഭയപ്പാടിലായിരുന്ന യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
