തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഹരിയെ വെള്ളിയാഴ്ച കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തേ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയായിരുന്നു ഹരിക്ക്. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.
ചെയർമാൻ എം.ആർ. ബൈജുവിന്റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പിഎസ് സി സെക്രട്ടറി സാജു ജോർജ്ജിനെ ഇന്ന് ചോദ്യം ചെയ്യും.
സിപിഎം ബന്ധം സ്ഥിരീകരിച്ച് എഫ്ഐആർ
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെ വലംകൈയായി അറിയപ്പെട്ടിരുന്ന ആർ. ഹരിയുടേത് പിഎസ്സി പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണ്. നേരത്തേ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു.
പിഎസ്സി സെക്രട്ടറി സാജു ജോർജിനെ ഇന്നു പ്രത്യേക അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്യും. ചോദ്യംചെയ്യാൻ ഹാജരാകാൻ നിർദേശിച്ച് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പരീക്ഷാ കണ്ട്രോളറും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് എത്തണമെന്നു നിർദേശിച്ചിരുന്നു.
പിഎസ്സി അംഗങ്ങളെയും അടുത്തയാഴ്ച കൂട്ടത്തോടെ ചോദ്യം ചെയ്യാനാണു തീരുമാനം. 12 കമ്മിഷനംഗങ്ങൾക്ക് തിങ്കളാഴ്ച മുതൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.
പരീക്ഷാ, നിയമന ക്രമക്കേടുകളിൽ ചെയർമാനും അംഗങ്ങൾക്കും പുറമെ സിപിഎം അനുഭാവികളായ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് വിവരം.
ഇവർക്ക് വേണ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അനർഹമായ റാങ്ക് നൽകിയെന്നും അതിലൂടെ യോഗ്യതയുള്ളവർക്ക് ലഭിക്കേണ്ട നിയമനം ഇല്ലാതാക്കിയെന്നും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തട്ടിപ്പിൽ രജിസ്റ്റർചെയ്ത എഫ്ഐആറിൽ പറയുന്നു.
ചെയർമാനെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാണ് എഫ്ഐആർ. ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് യോഗ്യതയില്ലാത്തവർക്ക് അനധികൃത നിയമനം നൽകിയെന്നും എഫ്ഐആറിലുണ്ട്. പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാൻ ഇത് ഇടയാക്കി. ഉദ്യോഗാർഥിയായ നേമം സ്വദേശി ശശികുമാറിന്റെ പരാതിയിലാണ് കേസ്.
