സാധാരക്കാരനെന്ന് നിരന്തരം പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിപ്പിടിക്കുന്നത് സാധാരണക്കാരെ അല്ലല്ലോ! തൊഴിലാളികളെയും കര്‍ഷകരെയും കെട്ടിപ്പിടിക്കാനുള്ള ധൈര്യമുണ്ടോ; രാഹുല്‍ ഗാന്ധിയുടെ പുതിയ പരിഹാസം ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കാനുള്ള ഒരവസരവും രാഹുല്‍ ഗാന്ധി അടുത്തിടെയായി പാഴാക്കാറില്ല. അക്കൂട്ടത്തിലൊന്നായിരുന്നു, പ്രധാനമന്ത്രിയുടെ ആലിംഗന നയതന്ത്രം. എന്നാല്‍ ആ പരിഹാസം മറ്റൊരുതരത്തിലാക്കി നരേന്ദ്രമോദിയുടെ കഴിവായി അവതരിപ്പിക്കുകയാണ് ബിജെപി ചെയ്തത്. അതുകൊണ്ടാണെന്നു തോന്നുന്നു, പ്രധാനമന്ത്രിയുടെ ആലിംഗന നയതന്ത്രത്തെ സംബന്ധിച്ച് മോദിയ്ക്ക് പുതിയ പരിഹാസവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരിക്കുന്നു. താനൊരു സാധാരണക്കാരന്‍ എന്ന് നിരന്തരം പറയുന്ന പ്രധാനമന്ത്രി ശരിക്കും ഈ കെട്ടിപ്പിടുത്തവും ആലിംഗനവും ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. സ്വയം സാധാരണക്കാരനാണെന്ന് വിശേഷിപ്പിക്കുന്ന നരേന്ദ്രമോദി പക്ഷേ കെട്ടിപ്പിടുത്തത്തിന് ഇരയാക്കുന്നത് ചില പ്രത്യേക ആള്‍ക്കാരെയാണെന്ന് രാഹുല്‍ വിമര്‍ശനത്തില്‍ പറയുന്നു. ഈ ഉള്‍പ്രേരണയ്ക്ക് കാരണം എന്താണ്? താങ്കളുടെ ആലിംഗനത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്‍ ഉണ്ടാകുമോ എന്നും ചോദിക്കുന്നു. അന്താരാഷ്ട്ര നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ആലിംഗനം ചെയ്യുന്നത് നരേന്ദ്രമോദിയുടെ പതിവാണ്. പ്രോട്ടോക്കോള്‍ പലതും ലംഘിച്ചുകൊണ്ടുള്ള മോദിയുടെ വികാരപ്രകടനങ്ങള്‍ പലതും വിവാദമായിരുന്നു. അതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്.

Related posts