ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സൂപ്പർ ഹീറോ ബാറ്റ്മാനുമായി ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനും യൂത്ത് കോൺഗ്രസ് ഓഫീസിനും സമീപമാണ് ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അക്ഷയ് ലാക്രയുടെ നേതൃത്വത്തിൽ ഈ പോസ്റ്ററുകൾ പതിപ്പിച്ചത്.
രാഹുലിന്റെ ചിത്രത്തോടൊപ്പം ബാറ്റ്മാന്റെ രൂപവും ഉൾപ്പെടുത്തിയിട്ടുള്ള ഈ പോസ്റ്ററുകളിൽ “ദി സൈലന്റ് ഗാർഡിയൻ”, “എ വാച്ച്ഫുൾ പ്രൊട്ടക്ടർ” (ശബ്ദമില്ലാത്ത കാവലാൾ, ജാഗ്രതയുള്ള സംരക്ഷകൻ) എന്നീ വാചകങ്ങളും കുറിച്ചിട്ടുണ്ട്.
പത്തിൽ ഇൻസ്റ്റാഗ്രാമിൽ നടന്ന ‘ആസ്ക് മി എനിതിംഗ്’ സംവാദത്തിനിടയിൽ, ‘താങ്കൾ ബാറ്റ്മാനാണോ?’ എന്ന ഒരു യുവാവിന്റെ ചോദ്യത്തിന്, “എന്നെയും ബാറ്റ്മാനെയും ഇതുവരെ ആരും ഒരേ മുറിയിൽ കണ്ടിട്ടില്ല” എന്ന് രാഹുൽ ഗാന്ധി തമാശരൂപേണ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ പോസ്റ്ററുകൾ ഉയർത്തിയത്.
