കാടുകുറ്റി: കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്തനെല്ല് വിത്താക്കിമാറ്റി രണ്ടുമാസത്തിലേറെയായി പാടത്തിന്റെ വരമ്പിലും ടാർപോളിൻ മേഞ്ഞ ഷെഡുകളിലും സൂക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കണ്ണഞ്ചിറ പാടശേഖരത്തിലെ കർഷകർ ദുരിതത്തിലായി. അധികൃതരുടെ നടപടികൾ വൈകുന്നതിനാൽ 60 ടണ്ണോളം നെല്ല് വിത്തായി സംഭരിച്ചിട്ടും അത് ഏറ്റെടുക്കപ്പെടാത്തതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. കണ്ണഞ്ചിറ പാടശേഖരത്തിലെ 28 ഏക്കർ ഭൂമിയിലാണ് 23 കർഷകർ ചേർന്ന് കൃഷിയിറക്കിയത്.
വിളവെടുത്ത നെല്ല് വിത്താക്കി മാറ്റി നൽകുകയാണെങ്കിൽ പൂർണമായും സീഡ് അഥാേറിറ്റി ഏറ്റെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് 630 കിലോ ‘പൗർണമി’ വിത്ത് സൗജന്യമായി നൽകിയിരുന്നു. പിന്നീട് 40 രൂപ നിരക്കിൽ വിത്ത് തിരിച്ചെടുക്കുമെന്ന വാഗ്ദാനവും വകുപ്പ് അധികൃതർ നൽകിയതായാണ് കർഷകർ പറയുന്നത്. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പാടശേഖര സമിതി യോഗം ചേർന്ന് പദ്ധതി സ്വീകരിച്ചത്.
കൃഷിക്കിടയിലെ വളപ്രയോഗവും മരുന്നടിപ്പും ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ കൃഷിവകുപ്പ് മേൽനോട്ടം വഹിച്ചതായി കർഷകർ പറയുന്നു. ജനുവരി 15 മുതൽ 20 വരെ നടന്ന വിളവെടുപ്പിൽ നല്ല വിളവാണ് ലഭിച്ചത്. നിർദേശിച്ച രീതിയിൽ നെല്ല് വിത്താക്കി മാറ്റിയ ശേഷം കാലതാമസം ഒഴിവാക്കാൻ കർഷകർ അത് ആലപ്പുഴയിലെ സീഡ് പരിശോധന കേന്ദ്രത്തിൽ നേരിട്ട് എത്തിക്കുകയും ചെയ്തു.
ആഴ്ചകൾക്ക് ശേഷം ഗുണനിലവാരമുള്ള വിത്താണെന്ന് പരിശോധന ഫലവും ലഭിച്ചു. തുടർന്ന് കൃഷിഭവൻ, ബ്ലോക്ക്, ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളുമായി കർഷകർ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇനി തിരുവനന്തപുരം കേന്ദ്രത്തിൽ നിന്ന് ടാഗ് ലഭിക്കണമെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് അവർ പറയുന്നു.
കൊയ്ത്ത് കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും വിത്ത് ഏറ്റെടുക്കാനുള്ള നടപടികൾ വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. പാടത്തിന്റെ വരമ്പിലും ടാർപോളിൻ ഷെഡുകളിലും സൂക്ഷിച്ചിരിക്കുന്ന വിത്തുകൾ കൂടുതൽ വൈകിയാൽ ഗുണനിലവാരം നഷ്ടപ്പെടുമോയെന്ന ഭീതിയും ഉയരുന്നു.
തരിശിടങ്ങൾ കൃഷിയോഗ്യമാക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ, പാട്ടത്തിന് ഭൂമി എടുത്തും ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് വായ്പയെടുത്തും കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ ദുരിതം കാണാതെ പോകരുതെന്നാണ് പാടശേഖര സമിതിയുട അപേക്ഷ.
കാലാവസ്ഥ മുന്നറിയിപ്പുകളും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളും നിറഞ്ഞ സാഹചര്യത്തിൽ തങ്ങളുടെ വിയർപ്പിന്റെ ഫലം വൃഥാവിലാകുമോയെന്ന ആശങ്കയാണ് പാടശേഖര സമിതി ഭാരവാഹികളായ എം.വി. തോമസ്, എൻ.വി. പരമു, ജോയ് മേലേടൻ എന്നിവർ പങ്കുവയ്ക്കുന്നത്.
