ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലില്‍ ജീവന് പൊലിയുന്നതില്‍ പ്രതിഷേധം. ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകള്‍ ചീറിപ്പായുമ്പോള്‍, കാല്‍നടയാത്രികരും ചെറുവാഹന യാത്രികരും ഭീതിയിലാണ്. ഒരുമാസത്തിനിടെ രണ്ട് ജീവനുകളാണ് ഇരിങ്ങാലക്കുട ടൗണില്‍ പൊലിഞ്ഞത്.
കഴിഞ്ഞ മാസം 15 ന് ഇരിങ്ങാലക്കുട സോള്‍വെന്റ് കമ്പനിക്കു സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി മുഴുവഞ്ചേരി വീട്ടില്‍ സജീവ് (60) മരിച്ചു. കഴിഞ്ഞ ദിവസം ബസ്റ്റാൻഡിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ആമ്പല്ലൂര്‍ അളഗപ്പനഗര്‍ സ്വദേശി അവസ്ഥേപറമ്പില്‍ വീട്ടില്‍ മനോജ് (53) സംഭവ സ്ഥലത്തു തന്നെ വച്ച് മരിച്ചു.
സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരഓട്ടവും നിന്ത്രിക്കുവാന് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം ശക്തമാണ്. അറുതിയില്ലാതെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്.
പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത് ഡ്രൈവര്‍മാരുടെ സാഹസികതയാണ്. അമിത വേഗതയിലുള്ള ബസോട്ടം യാത്രക്കാരെ കാലാകാലത്തേക്കും രോഗികളാക്കുമോ അല്ലെങ്കില്‍ ജീവന്‍തന്നെ എടുക്കപ്പെടുമോ എന്നുള്ള ഭയമാണു പലര്‍ക്കും.
യുവജന സംഘടനകള്‍ ബോധവത്കരണം നടത്തി
അമിത വേഗത കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റാൻഡില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെ ബസ് ഡ്രൈവര്‍ പ്രകോപനകരമായി പെരുമാറി. ഡ്രൈവര്‍ പ്രകോപനപരമായി സംസാരിച്ചതോടെ സംഘര്‍ഷ സാധ്യത ഉടലെടുക്കുകയായിരുന്നു. മറ്റ് ബസ് ജീവനക്കാരും പോലീസും ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കി.യുവമോര്‍ച്ച പ്രവര്‍ത്തകരും ബസ് സ്റ്റാൻഡില്‍ ബോധവല്കരണം നടത്തി.
