തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. എസ്ഐടിക്ക് മേല്‍ സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കുക, ദേവസ്വം മന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏതാനും നാളുകളായി പ്രതിപക്ഷം നടത്തി വരികയായിരുന്ന പ്രതിഷേധം ഇന്നും തുടര്‍ന്നു.
പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം സഭ നടപടികളോട് സഹകരിക്കില്ലെന്ന് കെ.ബാബു സഭയില്‍ പറഞ്ഞു. തെളിവില്ലാതെ തന്ത്രിയെ ജയിലില്‍ അടച്ചുവെന്നും കെ. ബാബു പറഞ്ഞു.തന്ത്രിക്ക് പ്രത്യേക പരിഗണന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കോടതി കണ്ടെത്തിയ കാര്യങ്ങളാണ് പ്രതിപക്ഷം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി.
പ്രതിപക്ഷത്തിന് നേരെ മന്ത്രിമാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടികളും പ്രവര്‍ത്തികളും കേരളത്തിനെതിരാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.പ്രതിപക്ഷത്തിന് ഭയമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തെ ജനം ആഴക്കടലില്‍ താഴ്ത്തുമെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. തലകുനിച്ചാണ് പ്രതിപക്ഷം പോകുന്നത്. നശീകരണാത്മക പ്രതിപക്ഷമാണെന്നും മന്ത്രി എംബി രാജേഷ് പരിഹസിച്ചു.
പ്രതിപക്ഷത്തെ മന്ത്രി വി.ശിവന്‍കുട്ടിയും രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ട് വരാന്‍ പോലും പ്രതിപക്ഷത്തിന് ധൈര്യമില്ലായിരുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.സഭയില്‍ ഭരണ- പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ സ്പീക്കര്‍ വേഗത്തിലാക്കുകയായിരുന്നു.
