ത്രിവര്‍ണം കൊണ്ട് മുഖത്ത് സഞ്ജു എന്നെഴുതി ആര്‍പ്പുവിളികളുമായി യുവതി! സഞ്ജു സാംസണിന്റെ രാജസ്ഥാനില്‍ നിന്നുള്ള ആരാധിക സോഷ്യല്‍മീഡിയയില്‍ വൈറല്‍

മലയാളികളുടെ അഭിമാനവും രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ താരവുമാണ് മലയാളിയായ സഞ്ജു സാംസണ്‍. ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ ഗംഭീരപ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന സഞ്ജുവിന് ധാരാളം ആരാധകരുമുണ്ട്.

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ പ്രശംസിച്ചുകൊണ്ട് താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ ഇത്രയധികം പുകഴ്‌ത്തേണ്ട കാര്യമൊന്നുമില്ലെന്ന് വ്യക്തമാക്കി മുന്‍ താരം വിനോദ് കാംബ്ലി രംഗത്തെത്തിയതും പിന്നീട് അദ്ദേഹത്തിനെതിരെ മലയാളികള്‍ സോഷ്യല്‍മീഡിയയില്‍ പൊങ്കാല നടത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു.

ഇതേസമയം തന്നെയാണ് സഞ്ജുവിന്റെ രാജസ്ഥാനില്‍ നിന്നുള്ള ഒരു ‘കട്ട ആരാധിക’യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന മുംബൈ രാജസ്ഥാന്‍ മത്സരത്തിനിടെയിലാണ് മുഖത്ത് ഇന്ത്യന്‍ പതാകയുടെ നിറം പോലെ ത്രിവര്‍ണം കൊണ്ടു സഞ്ജു എന്നെഴുതി ആര്‍പ്പുവിളികളുമായി ആരാധിക പ്രത്യക്ഷപ്പെട്ടത്.

‘ഷെഫാലി ചുഗ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സഞ്ജു ഫാനായ പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഏതായാലും സഞ്ജുവിന്റെ കട്ടഫാനായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

 

 

Related posts