എടത്വ: സഹോദരങ്ങളുടെ മക്കള്‍ സഞ്ചരിച്ച സ്കൂട്ടറും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പോച്ച തുണ്ടത്തില്‍ മധുസൂദനന്റെയും സരളയുടെയും മകന് മണിക്കുട്ടന് (മനു-29), പതിമൂന്നിൽ ചിറ സുരേഷിന്റെ മകന് സുബീഷ് (27) എന്നിവരാണ് മരിച്ചത്.
എടത്വ-തകഴി റോഡില്‍ പച്ച ജംഗ്ഷന് സമീപം ഇന്നലെ രാത്രി 8.15 യോടെയായിരുന്നു അപകടം. തകഴി ഭാഗത്തു നിന്നുവന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നെഞ്ചത്ത് ഗുരുതരപരിക്കേറ്റ മണിക്കുട്ടന് തൽക്ഷണം തന്നെ മരിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയാണ് മരിച്ചത്.എടത്വ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മണിക്കുട്ടന്റെ അമ്മ സരളയുടെ സഹോദരനാണ് സുബീഷിന്റെ പിതാവ് സുരേഷ്. മണിക്കുട്ടൻ കെട്ടിടം പണിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയാണ്. സുബീഷ് ജെസിബി ഓപ്പറേറ്റർ ആണ്.
