കന്വകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിവാഹമോചനത്തിന് നോട്ടീസ് ! ഇരകളായ യുവതികളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരേ കേസ്…

വിവാഹശേഷം സഹോദരിമാരായ യുവതികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയ ഭര്‍ത്താക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കുമെതിരേ കേസ്.

മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. യുവതികള്‍ക്കെതിരേ ഭര്‍ത്താക്കന്മാര്‍ വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. പഞ്ചായത്ത് മുഖേനയാണ് നോട്ടീസ് അയച്ചത്.

നോട്ടീസ് ലഭിച്ച യുവതികള്‍ ഉടന്‍തന്നെപോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തത്.

കോലാപൂരിലെ കഞ്ചര്‍ഭട്ട് സമുദായത്തില്‍ നിന്നുള്ളവരാണ് യുവതികള്‍. ഇതേവിഭാഗത്തില്‍ നിന്നുള്ള അഭ്യസ്തവിദ്യരായ യുവാക്കളെയാണ് ഇവര്‍ വിവാഹം ചെയ്തത്.

യുവതികളെ വിവാഹം കഴിച്ചവര്‍ സഹോദരന്മാരാണ്. ഇവരില്‍ ഒരാളാകട്ടെ ആര്‍മിയില്‍ ഉേേദ്യാഗസ്ഥനും സഹോദരന്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുമാണ്.

2020 നവംബര്‍ 27നായിരുന്നു ഇവരുടെ വിവാഹം. കന്യകാത്വ പരിശോധനയ്ക്ക് ശേഷം മാത്രമേ ഭര്‍ത്താക്കന്മാരോടൊപ്പം ഒരുമിച്ചു കഴിയാന്‍ ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അനുവാദമുള്ളൂ.

വിവാഹ ദിവസം വെളുത്ത ബെഡ്ഷീറ്റ് യുവതികള്‍ക്ക് നല്‍കുകയും ബെഡ്ഷീറ്റില്‍ രക്തക്കറ കണ്ടില്ലെങ്കില്‍ യുവതികള്‍ മുന്‍പ് മറ്റു പുരുഷനോടൊപ്പം കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം.

കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ പിന്നീട് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഇവര്‍ക്ക് അവകാശമില്ലെന്നാണ് സമുദായ നിയമം.

പരിശോധനയില്‍ പരാജയപ്പെട്ട യുവതികളെ ഭര്‍തൃവീട്ടുകാര്‍ വെവ്വേറെ മുറികളിലാണ് താമസിപ്പിച്ചിരുന്നത്. നവംബര്‍ 29ന് വീടിന്റെ നവീകരണം നടത്തണമെന്നു പറഞ്ഞ് യുവതികളോട് ഭര്‍ത്താക്കന്‍മാരും ഭര്‍തൃമാതാവും 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

രൂപ നല്‍കിയില്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. തങ്ങളില്‍ ഒരാള്‍ക്ക് വിവാഹത്തിനു മുന്‍പ് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും അവര്‍ പോലീസിനോട് വ്യക്തമാക്കി.

ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായും പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും രണ്ടു യുവതികളും അറിയിച്ചു.

ജാട്ട് പഞ്ചായത്തില്‍ സഹായം ആവശ്യപ്പെട്ട് എത്തിയ പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്നും 40,000 രൂപ പഞ്ചായത്ത് അധികൃതര്‍ വാങ്ങിയതായും പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രാമസഭ കൂടി വിവാഹമോചനത്തെ അംഗീകരിക്കുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ യുവതികളുടെ കുടുംബത്തെ സമുദായത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ അമ്മ പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment