ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും സ്വപ്ന സാക്ഷാത്കാരമാണ് എം.എസ്. ധോണിയെ നേരിൽ കാണുക എന്നത്. എന്നാൽ, ഇന്‍ഡിഗോ എയര്‍ഹോസ്റ്റസായ ഐശ്വര്യ സിങ്ങിന് ലഭിച്ച അപൂർവ്വമായ അനുഭവം അതിലും മനോഹരമായിരുന്നു. തന്റെ തെരക്കേറിയ യാത്രാദിവസത്തെക്കുറിച്ചുള്ള വിഷമങ്ങള്‍ പങ്കുവെച്ച ഐശ്വര്യയ്ക്ക്, ക്രിക്കറ്റ് ഇതിഹാസം നൽകിയ ഉപദേശവും തമാശയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താൻ ജോലി ചെയ്ത വിമാനത്തിൽ യാത്രക്കാരനായി എത്തിയപ്പോഴാണ് ഐശ്വര്യ ധോണിയെ പരിചയപ്പെട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനെ ‘ഐതിഹാസികമായ ഒരു ഇതിഹാസം’ എന്നാണ് അവർ സമൂഹമാധ്യമത്തിൽ വിശേഷിപ്പിച്ചത്. തെരക്കുകൾക്കിടയിലും ഒട്ടും ജാഡ കാണിക്കാതെ ഐശ്വര്യയുടെ വാക്കുകൾ ക്ഷമയോടെ കേട്ടിരുന്ന ധോണി, തിരക്കേറിയ ജോലി ദിവസങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ചില വിലയേറിയ ഉപദേശങ്ങളും നൽകി.
ഇതിനൊപ്പം വിമാനയാത്രയുമായി ബന്ധപ്പെട്ട ഒരു ചെറിയ തമാശകൂടി അദ്ദേഹം പറഞ്ഞത് ഐശ്വര്യയെ ചിരിപ്പിച്ചു. തന്റെ കടുത്ത ജോലിഭാരം നിറഞ്ഞ ആ ദിവസം ഒടുവിൽ ആ താരത്തിന്റെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി മാറിയെന്ന് ഐശ്വര്യ പറയുന്നു. ധോണിയെ ‘യഥാർഥ സ്വർണമനസുള്ള വ്യക്തി’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
ഈ സംഭവത്തിന്റെ വീഡിയോ ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് അത് കണ്ടത്. ‘ക്യാപ്റ്റൻ കൂൾ’ എന്ന പേരിന് അർഹനാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ധോണി എന്ന് ആരാധകർ കമന്റ് ചെയ്തു. ധോണിയെ നേരിൽ കാണാൻ സാധിച്ച ഐശ്വര്യയെ അഭിനന്ദിച്ചും പലരും രംഗത്തെത്തി.
