എരുമേലി: 20 ലക്ഷം ചെലവിൽ ജലസേചനം, കുടിവെള്ള വിതരണം എന്നിവ ലക്ഷ്യമിട്ട് പഞ്ചായത്ത് നിർമിച്ച കുളംകൊണ്ട് നാടിന് പ്രയോജനമില്ല. ജലവിതരണ പദ്ധതി ഇല്ലാതെ കുളം നിർമാണം മാത്രമായി മാറിയതാണ് പദ്ധതി പ്രയോജനരഹിതമായതെന്ന് ആക്ഷേപം. എരുമേലിയിലെ ശ്രീനിപുരം വാർഡിലാണ് ഈ കാഴ്ച. ജലവിതരണത്തിനുള്ള പദ്ധതികൂടി നടപ്പിലാക്കിയാൽ വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കാൻ പദ്ധതി സഹായിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷമായ ആസാദ് കി അമൃത് മഹോത്സവം പദ്ധതിയുടെ ഭാഗമായുള്ള അമൃത് സരോവർ പദ്ധതിയിലാണ് മൂന്നു വർഷം മുമ്പ് കുളം നിർമിച്ചത്. ശ്രീനിപുരം വാർഡിൽ വനത്തിനോടു ചേർന്ന് വനം വകുപ്പിൽനിന്നു വിട്ടുകിട്ടിയ 25 സെന്റ് സ്ഥലത്തെ ചെറിയ കുളം 30 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമായി വിസ്തൃതമാക്കിയായിരുന്നു നിർമാണം.
ആദ്യ ഘട്ടമായി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി 8,77,284 രൂപ വിനിയോഗിക്കുകയും തുടർന്ന് ബാക്കി ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുകയുമായിരുന്നു. മിഷൻ അമൃത് സരോവർ പദ്ധതി പ്രകാരം രാജ്യത്ത് അരലക്ഷം കുളങ്ങളും ജല സ്രോതസുകളുമാണ് നവീകരിക്കുന്നതിന് പദ്ധതിയായിരുന്നത്.
ഈ പദ്ധതി പ്രകാരം എരുമേലി പഞ്ചായത്തിൽ പ്രപ്പോസ്, ശ്രീനിപുരം വാർഡുകളെയാണ് തെരഞ്ഞെടുത്തിരുന്നത്. രണ്ടിടത്തും കുളം നിർമാണത്തിന് 20 ലക്ഷം വീതം 40 ലക്ഷം രൂപയാണ് അനുവദിക്കപ്പെട്ടത്. ശ്രീനിപുരം വാർഡിൽ കുടിവെള്ള പദ്ധതിക്കായി വനത്തിലെ സ്ഥലം വാങ്ങി ചെറിയ കുളം മുമ്പ് പഞ്ചായത്ത് നിർമിച്ചിരുന്നു. ഈ കുളം ആണ് മിഷൻ അമൃത് സരോവർ പദ്ധതിയിലൂടെ വിസ്തൃതിയിലാക്കി നിർമിച്ച് നവീകരിച്ചത്.
ഏറ്റവും ഉയർന്ന പ്രദേശമായ പ്രപ്പോസ് വാർഡിൽ പ്രവർത്തനം നിലച്ച പഴയ പാറമടയിലെ കുളമാണ് വിസ്തൃതിയിലാക്കി നിർമിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിരുന്നത്.വർഷങ്ങൾക്കു മുമ്പ് പ്രവർത്തനം നിർത്തിയ പാറമടയും കുളവും ഉൾപ്പെട്ട സ്ഥലം നേരത്തേ പഞ്ചായത്ത് വില നൽകി വാങ്ങിയിരുന്നു. എന്നാൽ, കുളം നിർമാണം പൂർണമാക്കി നടത്തുന്നതിന് സാധിച്ചില്ല.ശ്രീനിപുരം, പ്രപ്പോസ് വാർഡുകളിൽ എരുമേലി സമഗ്ര ജലവിതരണ പദ്ധതിയിലെ ജലവിതരണം തടസപ്പെട്ടാൽ പകരം ആശ്വാസമായി മാറുന്ന പദ്ധതിയായാണ് കുളങ്ങളുടെ വിപുലീകരണം ഉദ്ദേശിച്ചിരുന്നത്.
