രാമങ്കരി: പഞ്ചായത്തിൽ ഇന്നലെ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപി എം- ബിജെപി സഖ്യം മറനീക്കി പുറത്തുവന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം, ബിജെപി അംഗങ്ങൾ സംയുക്തമായി ഫസ്റ്റ് പ്രിഫറൻസ് വോട്ട് സിപിഎം സ്ഥാനാർഥിക്കും സെക്കൻഡ് പ്രിഫറൻസ് വോട്ട് ബിജെപി മത്സരാർഥിക്കും രേഖപ്പെടുത്തി അട്ടിമറി വിജയം നേടാൻ ശ്രമിച്ചു.
എന്നാൽ യുഡിഎഫ് അംഗങ്ങളുടെ ഏഴ് ഫസ്റ്റ് പ്രിഫറൻസ് വോട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായ മാർട്ടിൻ ജോസഫ് ജയിച്ചതായും പ്രഖ്യാപിച്ചു. ഇതിനു മുന്പ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെയോ, ബിജെപിയിലെയോ വനിതാ അംഗത്തെ നിയമിക്കാമെന്നിരിക്കെ ഭൂരിപക്ഷതീരുമാനപ്രകാരം നടപടി സ്വീകരിച്ച റിട്ടേണിംഗ് ഓഫീസർ തെരഞ്ഞെടുപ്പിലേക്കു കടന്നു.
ഏറ്റവും കൂടുതൽ വോട്ടുകിട്ടുന്നയാൾ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിൽ വിജയിക്കുമെന്നുള്ളതായിരുന്നു നടപടി. അവിടെ യുഡിഎഫ് അംഗങ്ങൾ സിപിഎം അംഗമായ സരിന് വോട്ടുചെയ്തപ്പോൾ സിപിഎം ബിജെപി കൂട്ടുകെട്ട് കോൺഗ്രസ് അംഗമായ ടി. അനുവിനെ വോട്ടുചെയ്ത് പദവിയിൽ എത്തിക്കുകയായിരുന്നു.
