എടത്വ: കാറ്റിലും മഴയിലും വ്യാപക നാശം. വീടിന്റെ ഷീറ്റ് പറന്നുപോയി. കുലച്ച ഏത്തവാഴകള്‍ ഒടിഞ്ഞു വീണു. റോഡിലേക്ക് മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ പലതും കാറ്റില്‍ നിലംപതിക്കുകയും കീറുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി വിതരണവും മണിക്കൂറുകളോളം നിലച്ചു. ശനിയാഴ്ച രാത്രി എട്ടോടെ വീശിയടിച്ച കാറ്റിലും പേമാരിയിലുമാണ് എടത്വ, തകഴി പഞ്ചായത്തില്‍ വ്യാപക നാശം നേരിട്ടത്. എടത്വ കൊടുപ്പുന്ന കുരിക്കാമഠത്തില് പി.സി ബാബുവിന്റെ വീടിന് മുകളിലെ ഷീറ്റ് കാറ്റില്‍ പറന്നുപോയി. വീട്ടുകാര്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു.
തകഴി ചെക്കിടിക്കാട് വലിയവീട്ടില്‍ ജോസഫ് സേവ്യറിന്റെ കുലച്ച ഏത്തവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. 170 ഓളം ഏത്തവാഴയാണ് കൃഷിചെയ്തിരുന്നത്. പകുതിയിലേറെ വാഴകള്‍ നശിച്ചതായി കര്ഷകന് പറഞ്ഞു. എല്ലാ വാഴകളും ഇന്‍ഷ്വർ ചെയ്തിരുന്നു.
എടത്വ -തായങ്കരി റോഡില്‍ ചങ്ങങ്കരി പള്ളിക്ക് സമീപം റോഡില്‍ നിന്ന മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. തകഴിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാറ്റിനെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട് മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
