പാലക്കാട്: സേലം-കൊച്ചി ദേശീയപാതയില്‍ കോയമ്പത്തൂര്‍ ചാവടി മേല്‍പ്പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികളടക്കം മൂന്നു പേര് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം ചേരുങ്കാട് ചന്ദ്രന്റെയും കല്യാണിയുടേയും മകന് അജിത്ത് (25), പിരായിരി പ്രതീക്ഷ നഗറില്‍ ഗണേഷിന്റെ മകന് വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍.
അജിത്തും വിനീഷും ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയിലെ സ്കൂളിലെ വാര്‍ഷികാഘോഷം പകര്‍ത്താന്‍ പോയതിനു ശേഷം തിരിച്ചുവരുമ്പോള്‍ ആയിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു സംഭവം. തൃശൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാര്‍ മുന്നില്‍പെട്ട ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് കോയമ്പത്തൂര്‍- പാലക്കാട് ട്രാക്കിലേക്ക് കയറി ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും തലകീഴായി മറിഞ്ഞു. ഉള്ളില്‍ കുടുങ്ങിയ കാര്‍ യാത്രക്കാരെ ഓടിക്കൂടിയ മറ്റു യാത്രക്കാരും ലോറി ജീവനക്കാരും ചേര്‍ന്നാണ് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. ഉടന്‍ ഇവരെ കോയമ്പത്തൂര്‍, വാളയാര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതു മണിയോടെ മൂവരും മരണപ്പെട്ടു.
ഫോട്ടോഗ്രാഫര്‍മാരുടെ കാറിലുണ്ടായിരുന്ന പാലക്കാട് കാടാങ്കോട് സ്വദേശി സുനില്‍30), പിരായിരി സ്വദേശി അഭി (25) എന്നിവര്‍ക്കും രണ്ടാമത്തെ കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. വിനീഷിന്റെ ഭാര്യ: പ്രീത. മകള്‍: ആദ്യ. അജിത്തിന്റെ സഹോദരങ്ങള്‍: അരുണ്‍ദാസ്, അഭിലാഷ്.
