ഒരു പുരസ്‌കാരത്തിനും അത്ര മധുരമുണ്ടാവില്ല! ദേശീയ അവാര്‍ഡിന് അര്‍ഹനായശേഷം തനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനത്തെക്കുറിച്ച് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്

ഹാസ്യവേഷങ്ങളുമായി സ്‌ക്രീനിലെത്തുന്ന താരങ്ങള്‍ക്കുള്ള അംഗീകാരമായാണ് സലീം കുമാറിന്റെയും സുരാജ് വെഞ്ഞാറാമൂടിന്റെയും ദേശീയ അവാര്‍ഡ് നേട്ടത്തെ മലയാളി പ്രേക്ഷകര്‍ വിലയിരുത്തുന്നത്. എന്നിരുന്നാലും പലര്‍ക്കും അത് ഇന്നും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്നതാണ് യാഥാര്‍ത്ഥ്യം. അവാര്‍ഡ് ലഭിച്ചപ്പോള്‍ പലരും ഇയാള്‍ക്കിത് എങ്ങിനെ കിട്ടി എന്ന് ആശ്ചര്യപ്പെട്ടിരുന്നതായാണ് സുരാജ് വെഞ്ഞാറാമൂട് പറയുന്നത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അവാര്‍ഡ് നേട്ടവുമായി ബന്ധപ്പെട്ടു നടന്ന ചില കാര്യങ്ങള്‍ സുരാജ് വെളിപ്പെടുത്തിയത്.

അതിങ്ങനെയാണ്…’ഒരുപാട് പേര്‍ വിളിച്ചു, അഭിനന്ദിച്ചു, ചില താരങ്ങള്‍ ചോദിച്ചു ‘നിനക്കെങ്ങനാടാ കിട്ടീത്?’ അപ്പോ ഞാന്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് കിട്ടീതുപോലെന്നാ എനിക്കും കിട്ടീത്.’ അവാര്‍ഡ് വാങ്ങി വീട്ടിലെത്തിയ നിമിഷത്തെക്കുറിച്ചും താരം മനസുതുറന്നു. ‘അവാര്‍ഡുമായി വീട്ടിലെത്തുമ്പോ ആളുകള്‍ രണ്ടു വരിയായി വഴിവക്കത്ത് കാത്തു നില്‍ക്കുന്നു. എന്നെ കാണാനെ. വീട്ടിലെത്തിയപ്പോള്‍ അയല്‍പ്പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു കെട്ടിപിടിക്കുന്നു, ഉമ്മ വെക്കുന്നു. ഞാന്‍ നേരെ അച്ഛന്റെയടുത്തു പോയി ഒരുമ്മ നല്‍കി മാറി നിന്നു. പെട്ടെന്ന് അച്ഛന്‍ പുറകേ വന്നു എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിനു മുമ്പ് അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു. ഒപ്പം കവിളത്ത് ഒരു സ്‌റ്റൈലന്‍ കിസ്. എനിക്കു തോന്നി ഒരു പുരസ്‌കാരത്തിനും ഇത്ര മധുരമില്ല. സുരാജ് പറയുന്നു.

 

Related posts